മുംബൈ: മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘമെന്ന് ആരോപിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആദിവാസി ഗ്രാമമായ റയിന്‍പാടയില്‍ ബസില്‍ വന്നിറങ്ങിയ സംഘത്തിലെ അഞ്ച് പേരെയാണ് ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ട് ഞായറാഴ്ച്ച ബസാറില്‍ കൂടിയിരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു.
ജനക്കൂട്ടം അഞ്ച് പേരേയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്ഥലത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി പ്രചാരണം ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പിംപാല്‍നെര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചെന്നൈയിലും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുവരേയും പിന്നീട് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലല്‍ സംഭവങ്ങള്‍ നിരന്തരം അരങ്ങേറുന്നുണ്ട്. ഇതിനിടയിലാണ് മഹാരാഷ്ട്രയില്‍ നിന്നുളള സംഭവവും.