അനധികൃത ക്വാറി നടത്തിപ്പ്, താമരശേരി രൂപതയുടെ കീഴിലെ പള്ളിയ്ക്കെതിരെ നടപടിയുമായി ജിയോളജി വകുപ്പ്

താമരശേരി രൂപതയുടെ കീഴിലെ പള്ളിയുടെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ക്വാറിക്കെതിരെ വന്‍തുക പിഴയീടാക്കാനൊരുങ്ങി ജിയോളജി വകുപ്പ്. 2015 വരെ കൂടരഞ്ഞിയില്‍ നിയമംലംഘിച്ച് പ്രവര്‍ത്തിച്ച ക്വാറിക്കെതിരെയാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം നടപടിക്കൊരുങ്ങുന്നത്. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ നല്‍കിയ പൊതുല്‍പര്യ ഹര്‍ജ്ജിയില്‍ രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1990 മുതല്‍ 20015 വരെ 25 വര്‍ഷം കൂടരഞ്ഞി വില്ലേജില്‍ താമരശേരി രൂപതയ്ക്ക് കീഴിലെ പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചെന്നാണ് പരാതി. 2002 മുതല്‍ 2010വരെ മാത്രമാണ് ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. അതും ലൈസന്‍സ് ഉണ്ടായിരുന്നത് ഒരേക്കര്‍ ഭൂമിയില്‍ 23.75 സെന്റിന് മാത്രമാണ്. ബാക്കി കാലമത്രയും ക്വാറി നിയമവിരുദ്ദമായാണ് പ്രവര്‍ത്തിച്ചതെന്നും റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്വാറിയില്‍നിന്ന് പരിധി ലംഘിച്ച് പൊട്ടിച്ച് കടത്തിയ കല്ലിന്റെ അളവ് കണക്കാക്കി പിഴയീടാക്കുമെന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ഹൈക്കോടതിയെ അറിയിച്ചത്. 2015 ലെ മൈനര്‍ മിനറല്‍ കണ്‍സെഷന്‍ നിയമമനുസരിച്ച് അനധികൃതമായി ക്വാറിയില്‍നിന്നും കല്ലെടുത്താല്‍ ക്യുബിക് മീറ്ററിന് എണ്‍പത് രൂപയും പിഴയുമാണ് ഈടാക്കുക. ക്വാറിക്ക് ലൈസന്‍സില്ലെന്ന് കാട്ടി 2018 ല്‍ കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ജില്ലാകളക്ടറെ സമീപിച്ചത്. പരാതിയില്‍ നടപടി വൈകിയതിനെതുടര്‍ന്നാണ് സംഘടന പൊതുതാല്‍പര്യ ഹര്‍ജിയുമായി 2019ല്‍ ഹൈകോടതിയിലെത്തിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് രണ്ട് മാസത്തിനകം പരാതിയില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞമാസം 25ന് ഉത്തരവിട്ടത്. അതേസമയം അനുമതി ലഭിച്ച കാലയളവില്‍ മാത്രമാണ് ക്വാറി പ്രവര്‍ത്തിച്ചതെന്നും, മേല്‍കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പളളി വികാരിയായിരുന്ന ഫാ. മാത്യൂസ് തകടിയേല്‍ പ്രതികരിച്ചു.

Top