തിരുവനന്തപുരം:മനസ് നിറഞ്ഞു കവിയുകയാണ്. ഹൃദയം തുളുമ്പുകയാണ്. 55 വര്‍ഷമായി പാടുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ പാടിയിട്ടുണ്ട്. ഇത്രത്തോളം സ്നേഹം എവിടെയും ലഭിച്ചിട്ടില്ല. സര്‍വശക്തന്റെ അനുഗ്രഹത്തിന് നന്ദി ” ആര്‍ദ്ര ഗംഭീര നാദവും ഉറുദുവും ഉരുകിച്ചേരുന്ന ആലാപനത്തില്‍ രാജ്യാതിര്‍ത്തികള്‍ അലിയിച്ച സംഗീത ചക്രവര്‍ത്തി ഉസ്താദ് ഗുലാം അലിയുടെ വാക്കുകളാണിത്..
ഇന്നലെ വൈകിട്ട് മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ആദരവും സ്വരലയയുടെ പ്രഥമ ഗ്ളോബല്‍ ലെജന്‍ഡറി അവാര്‍ഡും അലി ഏറ്റുവാങ്ങി. കനത്ത സുരക്ഷയില്‍ വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണിഹാളിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.
വിശാലമായി ചിന്തിക്കുകയും അതിഥികളെ ഊഷ്മളമായി സ്വീകരിക്കുകയും ചെയ്യുന്ന സംസ്കാരിക പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും ഗുലാം അലിയെ ഒരു മനസ്സോടെ കേരളം സ്വീകരിക്കുമ്പോള്‍ ഈ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്‍െറ മതേതര മനസ്സ് വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍െറ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി നല്‍കി.
പാകിസ്താനിയായ ഗുലാം അലി ഇന്ത്യയുടെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിഷം പുരട്ടിയ മനസ്സും ചിന്തകളുമായി നടക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ നിലപാടല്ല നമ്മുടെ സംസ്കാരമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, എം. വിജയകുമാര്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ അലിക്ക് ആദരം അര്‍പ്പിച്ചു.
അലി പാകിസ്ഥാന്‍ കാരനാണെങ്കിലും മലയാളിക്ക് അദ്ദേഹം സഹോദരനാണെന്നും വി.എസ് പറഞ്ഞു. മതേതരത്വം സംരക്ഷിക്കാന്‍ ഇന്ത്യയുടെ മുന്നില്‍ എന്നും കേരളം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഹിന്ദിയില്‍ സംസാരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൈയടി നേടി. കേരളം ഒറ്റ മനസായി അലിക്ക് സ്വാഗതം അരുളുന്നതായി അദ്ദേഹം പറഞ്ഞു.
വസുധൈവ കുടുംബകം എന്നും ലോകാ സമസ്താ സുഖിനോഭവന്തു എന്നും ചിന്തിക്കുന്ന ഇന്ത്യയില്‍ ചിലരുടെ എതിര്‍പ്പ് മറികടന്ന് അലിക്ക് പാടാനായത് മതേതര ഇന്ത്യന്‍ മനസിന്റെ വിജയമാണെന്ന് എം.എ. ബേബി പറഞ്ഞു.ഗുലാം അലിയുടെ സഹഗായകന്‍ പണ്ഡിറ്റ് വിശ്വനാഥിനെയും ചടങ്ങില്‍ ആദരിച്ചു.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നാണ് അവാര്‍ഡ് ഗുലാം അലിക്ക് സമ്മാനിച്ചത്. ഒരു ലക്ഷം രൂപയുടെ ചെക്കും പ്രശസ്തി പത്രവും പ്രതിപക്ഷ നേതാവ് സമ്മാനിച്ചു. സ്വരലയ ജനറല്‍ സെക്രട്ടറി ഇ.എം. നജീബ് പ്രശസ്തി പത്രം വായിച്ചു. സര്‍ക്കാരിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ അലിയെ പൊന്നാട അണിയിച്ചു. കേസരി ട്രസ്റ്റ് പ്രസിഡന്റ് സി. റഹിം പത്രപ്രവര്‍ത്തകരുടെ ഉപഹാരം നല്‍കി. സ്വരലയ ചെയര്‍മാന്‍ ജി. രാജ്മോഹന്‍ സ്വാഗതവും ജി.കെ.എസ്.എഫ് കോ ഓര്‍ഡിനേറ്റര്‍ ബി.വി. വിജയന്‍ നന്ദിയും പറഞ്ഞു.