ഡി പി തിടനാട് (EXCLUSIVE )
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൻ്റെ മറവിൽ നടന്ന സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ പൂർണ പിന്തുണയുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. മലയാളികൾ ഐ എസ് ലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചിലർക്ക് സ്വർണ്ണക്കടത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഐ.എസി ൽ ചേർന്ന ആറ്റുകാൽ സ്വദേശി നിമിഷയുടെ മതം മാറ്റത്തിന് ഇടനിലയായി പ്രവർത്തിച്ചുവെന്ന് കരുതുന്ന നഗരത്തിലെ ചുരിദാർ ഷോപ്പ് അന്വേഷണമാരംഭിച്ചതോടെ പൂട്ടിയിരുന്നു. പിന്നീട് ഈ സംഘം നഗരം വിട്ട് മറ്റൊരു കട ആരംഭിച്ചെങ്കിലും അതും അധിക നാൾ തുടർന്നില്ല.
ഈ കടകളുടെ അറ്റകുറ്റപ്പണികൾ ചെയ്ത അതേ ആളുകൾ തന്നെയാണ് സ്വർണ്ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിൻ്റെയും ജോലികൾ നിർവ്വഹിച്ചതെന്ന് അന്വോഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അടുത്തിടെ ആരംഭിച്ച ആഡംബര ബ്യൂട്ടി പാർലറും ഇവരുമായി ബന്ധമുള്ളതെന്ന് കരുതപ്പെടുന്നു.
നേമം സ്വദേശിയുടെ പേരിൽ തുടങ്ങിയ സ്ഥാപനത്തിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.എന്നാൽ സന്ദീപിൻ്റെ സ്ഥാപനങ്ങൾ പോലെ കസ്റ്റമേഴ്സിനെയല്ല ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തം. സ്വർണക്കടത്തു കേസിൽ പിടിയിലായ പോലീസുകാരൻ നാഗരാജുവിൻ്റെ ബിനാമിയാണ് ജൂവലറിക്കാർക്കിടയിൽ മാഡം എന്നറിയപ്പെടുന്ന ഈ യുവതി.
മണക്കാട് സ്വദേശിയായ ഇൻറീരിയർ ഡിസൈനറുടെ പേരിൽ വിദേശത്ത് കള്ളക്കടത്ത് കേസ് നിലവിലുണ്ടെന്നാണ് വിവരം.നാട്ടിലെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ചെറിയ കരാർ ജോലിയിലും കുറച്ചു കാലം ഇയാൾ ഉണ്ടായിരുന്നു. ഈ സമയത്താണ് സന്ദീപിനെ പരിചയപ്പെട്ടതെന്നാണ് വിവരം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും, സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നേമത്തെ ‘മാഡത്തിൻ്റെ’ ഒത്തുകൂടിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.പോലീസിൻ്റെ കണ്ണുവെട്ടിച്ച് സ്വർണ്ണം കടത്താനായി ബ്യൂട്ടി പാർലറുകളും മറ്റ് സ്ഥാപനങ്ങളും വ്യാപകമായി നഗരത്തിൽ പ്രതികൾ തുടങ്ങിയിരുന്നു.കൂടാതെ സ്വർണ്ണക്കടത്തൂടെ കൈവരുന്ന പണത്തിൻ്റെ വലിയൊരു പങ്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതിൻ്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു.