തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് അന്വോഷണം യുഎഇലേക്കും നീളും .യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെക്ക് എതിരായും സ്വപ്നയുടെ മൊഴി . തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും ഒട്ടേറെ തവണ വന്‍തോതില്‍ വിദേശകറന്‍സി വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്. സ്വപ്നയും സരിത്തും ഖാലിദുമായി ചേര്‍ന്നാണ് 1.90 ലക്ഷം യുഎസ് ഡോളര്‍ മസ്ക്കറ്റിലേക്ക് കടത്തിയത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 7 നാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സ്വര്‍ണക്കടത്തിനായി ഗൂഢാലോചന നടത്തിയത് ‘സിപിഎം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണെന്ന് സരിത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനുമെതിെര കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്‍റെ റിപ്പോര്‍ട്ടിലാണ് സ്വപ്നയുടെ മൊഴിയായി ഗുരുതര ആരോപണമുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനൊപ്പമാണ് 1.90 ലക്ഷം യുഎസ് ഡോളര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 7 ന് മസ്ക്കറ്റ് വഴി കെയ്റോയിലേക്ക് കടത്തിയത്. പണമടങ്ങിയ ബാഗ് സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടുമോ എന്ന് യുഎഇ കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ പരിശോധിച്ചിരുന്നു. ഇതിന് പുറമേ സരിത്തിന്‍റെ ബന്ധം ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സുഗമമായി കടന്നുപോയി.
യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും നിരവധി തവണ വിദേശകറന്‍സി ഇതേമാര്‍ഗത്തില്‍ കടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഈ അനധികൃത ഇടപാടിനെക്കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ പലര്‍ക്കും അറിയാമായിരുന്നു. നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെയാണ് ഇത്രയും വിദേശകറന്‍സി ഇവര്‍ സ്വരൂപിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചത്.