സ്വപ്‌നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം; കെ ടി റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് എൻ ഐ എ.സ്വർണക്കടത്തിൽ എൻഐഎ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷിൻ്റെ ഫോണിൽ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിൻ്റെ ചിത്രങ്ങൾ എൻഐഎ കണ്ടെടുത്തു . മറ്റൊരു പ്രതിയായ കെ.ടി റമീസ് തോക്കേന്തി നിൽക്കുന്ന ചിത്രങ്ങളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മറ്റു ചില പ്രതികളുടെ പക്കൽ നിന്നും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി. കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (‍‍ഡി കമ്പനി) ബന്ധത്തിന് സൂചന ലഭിച്ചതായി അന്വേഷണ സംഘം എൻ.ഐ.എ കോടതിയിൽ അറിയിച്ചു. ഡി കമ്പനി ടാൻസനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി ഷറഫുദീനും ഒരുമിച്ച് നടത്തിയ ടാൻസനിയ യാത്രയുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ടാൻസനിയയിലെ താവളത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കൽ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചു. പത്ത് പ്രതികളുടെ ജാമ്യ ഹർജികളുടെ വാദത്തിലാണ് എൻ.ഐ.എ അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുളള തെളിവുകൾ പൂർണമായും ലഭിച്ചിട്ടില്ല. ഇതുവരെ 22 ഉപകരണങ്ങളിൽ നിന്നുളള തെളിവുകളാണ് ലഭിച്ചത്. സ്വർണ ബിസ്കറ്റുകൾ പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ, വ്യാജ രേഖകളുടെ ചിത്രങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇൗ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എൻ.ഐ.എയുടെ വാദം. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Top