കൊച്ചി:വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാവിലെ വരെയാണ് കസ്റ്റഡി. പ്രതികളെ കസ്റ്റഡിയില്‍ വിടുന്നതിനെ ഇവരുശട അഭിഭാഷകന്‍ എതിര്‍ത്തു. എന്‍.ഐ.എയും കസ്റ്റംസും പല തവണ ചോദ്യം ചെയ്തതാണെന്നും ഇനി കൂടുതലൊന്നും അറിയാനില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദീപിനേയും സ്വപ്‌നയേയും കസ്റ്റംസിന് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ലെന്നും രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്ന കേസായതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഒരു ഏജന്‍സി ചോദ്യം ചെയ്തുവെന്ന കാരണത്താല്‍ മറ്റൊരു ഏജന്‍സിക്ക് പ്രതികളെ വിട്ടുകൊടുക്കാതിരിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി നടപടി.
കെ.ടി റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം ഇന്നലെ നിരസിച്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അതിനിടെ, വിദേശത്തുള്ള പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് അബൂബക്കര്‍ എന്നിവര്‍ക്കായി കൊച്ചി എ.സി.ജെ.എം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷംജത് അലി. സംജു, മുഹമ്മദ് അന്‍വര്‍, ജിപ്‌സല്‍, മുഹമ്മദ് അബ്ദുള്‍ ഷമീം എന്നിവരുടെ ജാമ്യാപേക്ഷ എ.സി.ജെ.എം കോടതി തള്ളി.
അതിനിടെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സാക്ഷിയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. എം ശിവശങ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അഡ്വ. രാജീവ് പറഞ്ഞു. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ എൻഐഎ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന തരത്തിൽ ശിവശങ്കർ മൊഴി നൽകി.
സ്വപ്‌നയും, സന്ദീപും സരിത്തും സുഹൃത്തുക്കൾ മാത്രമാണെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ ജോലി നൽകിയത് യുഎഇ കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെന്നും ശിവശങ്കർ മൊഴി നൽകിയതായാണ് സൂചന. ഇത്തരത്തിൽ ജോലി നൽകുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യമെല്ലാം എൻഐഎ പരിശോധിക്കും. അദ്ദേഹത്തിന്റെ ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.