കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗ് നാളെ പരിശോധിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകൾ ഈ ബാഗിലുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി കസ്റ്റംസിന്റെ പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് ഇവർ. ഇതിൽ മൂവാറ്റുപുഴ സ്വദേശിയായ ജലാൽ നേരത്തെയും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. പിടിയിലായ മൂന്നുപേരെയും കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കും.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ദുബായിയിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെ പിടികൂടുന്നതിനായി എന്‍ഐഎ ഇന്റർപോളിന്റെ സഹായം തേടും. വാറന്റ് പുറപ്പെടുവിച്ചതിനാൽ ഇന്റർപോള്‍ പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
യുഎഇയില്‍ നിന്നു സ്വര്‍ണം അയക്കുന്നതിലെ പ്രധാനി ഫൈസല്‍ ആണെന്നും ഡിപ്ലോമാറ്റിക് ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വ്യാജരേഖകള്‍ ചമച്ചതും ഇയാളാണെന്ന് എന്‍ഐഎ അറിയിച്ചു.ദുബായിയില്‍നിന്നും അയക്കുന്ന സ്വര്‍ണം കേസിലെ ഒന്നാം പ്രതി സരിത്താണ് കൈപ്പറ്റിയിരുന്നത്. മലപ്പുറം സ്വദേശിയായ റെമീസിന് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചിരുന്നത്. ജൂണില്‍ മാത്രം 27 കിലോയോളം സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്.സന്ദീപ് നായരും സ്വപ്നയും സരിത്തുമായിരുന്ന കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും യുഇഎയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായിരിക്കുന്നത്.സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതിന് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്നും പിടിക്കപ്പെടുമ്പോള്‍ മഹസറെഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാനാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതോടെ അന്വേഷണം ഉന്നതരിലേക്കെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ഈ ട്രോളി ബാഗില്‍ നിന്നും ലഭിക്കുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ സന്ദീപിന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നുമാണ് എന്‍ഐഎ ബാഗ് പിടിച്ചെടുത്തത്. കേസന്വേഷണം ആരംഭിച്ചതോടെ ബാഗ് സന്ദീപ് തന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ താക്കോല്‍ സന്ദീപില്‍നിന്നും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. അതേസമയം കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.ഇന്നലെയാണ് ഇരുവരെയും എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. വന്‍ഗൂഢാലോചന നടന്ന കേസില്‍ പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റിഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.