കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ പോലിസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ബിജെപി ബന്ധം മറനീക്കി പുറത്ത് വന്നു. കേസില്‍ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫേസ് ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കമന്റുകളും വെളിവാക്കുന്നത് കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളാണ്. ബിജെപി മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന ചിത്രം സന്ദീപ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലില്‍ ഉണ്ട്.
കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.സ്വർണക്കടത്ത് കേസ് പുറത്തുവന്നപ്പോൾ മുതൽ കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പിന്നാലെ സന്ദീപ് നായരും ഒളിവിലാണ്. സ്വപ്നയുടെയും സരിത്തിന്‍റെത്തെയും അടുത്ത സുഹൃത്തുകൂടിയായ സന്ദീപിന്‍റെ ബിജെപി ബന്ധമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. കുമ്മനം രാജേട്ടനൊപ്പം എന്ന പേരിലാണ് ഇൗ ചിത്രം പങ്കുവച്ചിരിക്കുന്നത്.
താനൊരു ബിജെപിക്കാരനാണെന്ന് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നതും ഇപ്പോള്‍ വാര്‍ത്തയാകുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ബിജെപി ബന്ധം കൂടിയാണ് മറ നീക്കി പുറത്ത് വരുന്നത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ സുപ്രധാന പങ്കാളിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ സൗമ്യ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദീപിന് സ്വപ്നയും സരിത്തുമായി ഉള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണ് സന്ദീപ് തന്നെ പങ്കുവച്ച യുഎഇ കോസുലേറ്റിന്‍റെ വാഹനത്തിലിരുന്നുള്ള ചിത്രം. അതുകൊണ്ട് തന്നെ സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ട് എന്നതാണ് കസ്റ്റംസ് നിഗമനം.
2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കര്‍ ശ്രീരാമാകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്. താന്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നേയാണെന്ന സന്ദീപ് നായരുടെ എഫ്ബി കമ്മന്റിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം മാഹിയിലേക്കും. ദുബായിയില്‍ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉന്നതനും അതി സമ്പന്നനുമായ മാഹി സ്വദേശിയിലേക്കാണ് അന്വേഷണം എത്തി നില്‍ക്കുന്നത്.
കേരള സഭയ്ക്കു വരെ ചുക്കാന്‍ പിടിച്ച പ്രമുഖരില്‍ ഒരാളായ ഇയാളുടെ ദുബായി ദേരയിലെ ഓഫീസില്‍ സ്വപ്ന സുരേഷ് നിത്യസന്ദര്ശകയായിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളും ദുബായിയിലെ ഇടതു സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനും സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചു ദുബായിയിലെ പാര്‍ട്ടി അനുഭാവികള്‍ കേരളത്തിലെ ഉന്നതരായ ഇടതു നേതാക്കള്‍ക്കു വിലപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും അറിയുന്നു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സമ്പന്നനും ഒപ്പം മാധ്യമ പ്രവര്‍ത്തകനും സ്വപ്ന ദുബായിയില്‍ എത്തിയാല്‍ ജുമൈറയിലെ ആഡംബര റിസോര്‍ട്ടില്‍ ഒത്തു ചേരാറുണ്ടെന്നും അതീവ രഹസ്യമായ ഈ കൂടിച്ചേരലുകളില്‍ ദുബായിയിലെ പ്രമുഖ വ്യവസായികളും പങ്കെടുക്കാറുണ്ടെന്ന ുമുള്ള വിവരമാണ് ഒടുവില്‍ പുറത്തു വന്നിട്ടുള്ളത്.
സ്വപ്നയുടെ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം ദുബായിയിലെ സമ്പന്നരായ ചിലരും അങ്കലാപ്പിലായിട്ടുണ്ട്. സ്വപ്ന സുരേഷിനോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തിട്ടുള്ള പ്രമുഖരാണ് ഇപ്പോള്‍ ആശങ്കയിൽ ആയിട്ടുള്ളത്. ഏതു പ്രശ്നത്തിനു പരിഹാരം കാണാന്‍ പ്രാപ്തിയുള്ള ആളായിട്ടാണ് സ്വപ്ന പല സ്ഥലത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒരു പ്രമുഖന് ദുബായി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഹായാത്ത് റീജന്‍സി ഹോട്ടലില്‍ ഈ പ്രമുഖനെ കാണാന്‍ സ്വപ്ന എത്തിയിരുന്നു.