കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയെ അറിയിച്ചു. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സ്വപ്നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്കമാക്കി.ഡിസംബർ 22 വരെയാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടത്.സ്വർണ്ണക്കടത്തുമായി ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങളാണ് സ്വർണ്ണക്കടത്ത് കേസിൽ നടന്നിട്ടുള്ളത്. ശിവശങ്കർ ഉന്നത പദവി വഹിച്ച കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്‌നയുമായി പങ്കുവെച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്ത് വിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു.അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ ശിവശങ്കർ തയ്യാറാകുന്നില്ല. പ്രധാനപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്. അതിനാൽ തന്നെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.