തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നതിന് തൊട്ടുമുമ്പായി താൽക്കാലികനിയമനം നടത്തിയെന്നാണ് കണ്ടെത്തൽ. ഐടി വകുപ്പിന് കീഴിലുള്ള സ്വപ്ന സുരേഷിന്റെ നിയമനവും ചടങ്ങൾ പാലിക്കാതെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്. തട്ടിപ്പ് വിവരം പുറത്ത് വന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കർ താൽക്കാലിക നിയമനം നടത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി സെല്ലിന് കീഴിൽ എൽഡി ക്ലർക്ക് തസ്തികയിലാണ് താൽക്കാലിക നിയമനം നടത്തിയിരുന്നത്. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി സ്വീകരിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുക വഴി ശിവശങ്കർ സർവീസ് ചട്ടം ലംഘിച്ചുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല.
ഇതിനു മുമ്പ് ജൂൺ പത്തിനാണ് ജൂൺ 10 നാണ് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. ഇത്തരത്തിൽ നിയമിക്കുന്നവരെ കരാർ അനുസരിച്ച് നീട്ടി നൽകുകയും പിന്നീട് സ്ഥിരം നിയമനം നൽകുകയും ചെയ്യുന്നതുമാണ് പതിവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും എൻഫോഴ്സുമെന്റും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശിവശങ്കർ ഇടപെട്ട് നടത്തിയ അനധികൃത നിയമനം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
അതേസമയം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരനായ സിബുവിനെതിരേ വ്യാജരേഖ ചമച്ച് ലൈംഗിക പീഡന പരാതി നൽകുകയും ആൾമാറാട്ടം ഉൾപ്പെടെ നടത്തിയതായും കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അടുത്ത ആഴ്ച സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.