കൊച്ചി കള്ളസ്വര്‍ണ്ണക്കാരുടെ താവളമോ? ഈ സാമ്പത്തിക വര്‍ഷം കസ്റ്റംസ് പിടിച്ചത് 100 കിലോ സ്വര്‍ണ്ണം.

കൊച്ചി:അറബികടലിന്റെ റാണിയെന്ന പേര് കൊച്ചിക്ക് മാറ്റണമെന്ന് തോന്നുന്നു.ഇപ്പോള്‍ കള്ളസ്വര്‍ണ്ണമണിഞ്ഞ റാണി എന്നാണ് പലരും രഹസ്യമായി വ്യാവസായിക നഗരിയെ വിളിക്കുന്നത്. വിദേശനിര്‍മിത ആഡംബര കാറിന്റെ ഇന്ധന ടാങ്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഏഴുകിലോഗ്രാം സ്വര്‍ണം വെള്ളിയാഴ്ച പിടികൂടിയതോടെ ഈ സാമ്പത്തിക വര്‍ഷം കൊച്ചി കസ്റ്റംസ് പിടികൂടിയ കള്ളക്കടത്തു സ്വര്‍ണം 100 കിലോഗ്രാം തികഞ്ഞു. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തു തുടര്‍ച്ചയായി പിടിക്കാന്‍ തുടങ്ങിയതോടെയാണു കള്ളക്കടത്തു റാക്കറ്റ് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. പ്രവാസികളായ ഇന്ത്യക്കാര്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കാന്‍ ഇറക്കുമതി ചുങ്കം ഒഴിവാക്കി വാഹനങ്ങള്‍ ആറുമാസത്തെ കാലാവധിയില്‍ കൊണ്ടുവരാമെന്ന വ്യവസ്ഥ മുതലെടുത്താണ് ആഡംബര കാറിന്റെ ഇന്ധനടാങ്കില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയത്. ചങ്ങലകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം. 


കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസി വ്യവസായി അദ്ദേഹത്തിന്റെ ജീവനക്കാരനായ മുഹമ്മദ് കുഞ്ഞുമൊയ്തീന്റെ പേരിലാണു സ്വര്‍ണം ഒളിപ്പിച്ച കാര്‍ ഇറക്കുമതി ചെയ്തത്. ടാങ്കില്‍ പെട്രോള്‍ നിറച്ചിരുന്നു. കുഞ്ഞുമൊയ്തീനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഇറക്കുമതിക്കു പിന്നില്‍ മറ്റാരോ ഉണ്ടെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായി. അപ്പോഴും കാറിനുള്ളില്‍ എന്താണ് ഒളിപ്പിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു കസ്റ്റംസ് നടത്തിയ തന്ത്രപരമായ നീക്കമാണു കള്ളക്കളി പൊളിച്ചത്. കുഞ്ഞുമൊയ്തീനെ കൊണ്ടു വിദേശത്തെ മുതലാളിയെ ഫോണില്‍ വിളിപ്പിച്ച് സംഭാഷണം ചോര്‍ത്തിയാണു സ്വര്‍ണം ഒളിപ്പിച്ചതു കണ്ടെത്തിയത്. ഓരോ വര്‍ഷവും 30 കാറുകള്‍ വരെ ഇങ്ങനെ കേരളത്തിലേക്കു കൊണ്ടുവരാറുണ്ട്. എന്നാല്‍, സ്വര്‍ണം കണ്ടെത്തുന്നത് ആദ്യമായാണ്. ഇതിനു മുന്‍പു കാര്‍ കൊണ്ടുവന്നവരുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. കൊച്ചി കസ്റ്റംസ് ഇതുവരെ പിടികൂടിയ 100 കിലോഗ്രാം സ്വര്‍ണത്തില്‍ 93 കിലോയും വിമാനത്താവളം വഴിയാണു കടത്താന്‍ ശ്രമിച്ചത്. കേരളത്തിലെ കസ്റ്റംസിന്റെ മുഴുവന്‍ വിഭാഗങ്ങളും ചേര്‍ന്ന് ഈ സാമ്പത്തികവര്‍ഷം ഇതുവരെ 72 കോടി രൂപ വിലമതിക്കുന്ന 267 കിലോഗ്രാം സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. 


അഡീ. കമ്മിഷണര്‍ എസ്. അനില്‍കുമാര്‍, അസി. കമ്മിഷണര്‍ ഉമാദേവി, സൂപ്രണ്ടുമാരായ ജി. അജിത്ത് കൃഷ്ണന്‍, ഇ.വി. ശിവരാമന്‍, വൈ. ഷാജഹാന്‍, ടി.കെ. ശ്രീഷ്, ആര്‍. ബാലവിനായക്, പ്രിവന്റിവ് ഓഫിസര്‍മാരായ കെ. രാജകുമാര്‍, എല്‍. രമേശ്, അങ്കുര്‍ ചാറ്റര്‍ജി, ജ്യോതി മോഹന്‍, ഹവില്‍ദാര്‍ എസ്. ഗോകുല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വന്‍സ്വര്‍ണ്ണക്കടത്താണ് കഴിഞ്ഞ വര്‍ഷവും നടന്നത്.രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വരെ ആരോപണവിധേയരായ കള്ളക്കടത്തിന് എയര്‍പോട്ടിനകത്തെ സുരക്ഷ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് പിന്നീട് തെളിഞ്ഞത്.പല കേസുകളിലായി 15ഓളം പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം നെടുമ്പാശേരിയില്‍ പിടിയിലായത്.കൊണ്ടുവരുന്ന സ്വര്‍ണ്ണം മുഴുവന്‍ കേരളത്തിലെ പ്രമുഖമായ ജ്വല്ലറികള്‍ക്കാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.മാഫിയയുടെ പ്രധാന കണ്ണികളിലേക്കും
 സാധനം വാങ്ങുന്നവരിലേക്കും അന്വേഷണം നീങ്ങാതിരിക്കുന്നതും സ്വര്‍ണ്ണക്കടത്ത് കൂടിവരാനുള്ള കാരണം.Top