ദില്ലി: പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി. ഓർഡിനൻസിന് ഇന്നലെ കേന്ദ്രമന്ത്രസഭ അംഗീകാരം നൽകിയിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് നിർഭയയുടെ അമ്മ. നിയമഭേദഗതിയെ ശരിയായ നീക്കമെന്ന് വിശേഷിപ്പിച്ച ആശാദേവി ബലാത്സംഗക്കേസിലെ ഓരോ കുറ്റവാളിയും തൂക്കിലേറ്റപ്പെടണമെന്നും ചൂണ്ടിക്കാണിക്കുന്നു. 2012 ഡിസംബറിലാണ് ഓടുന്ന ബസിൽ വച്ച് ക്രൂര പീഡനത്തിനിരയാക്കിയ നിർഭയ കൊല്ലപ്പെടുന്നത്. ക്രൂരമായി ആക്രമിക്കപ്പെട്ട നിർഭയയെ നഗ്നയാക്കി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് നിർഭയ മരണമടയുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനന്‍സിന് ശനിയാഴ്ചയാണ് സർക്കാർ അംഗീകാരം നൽകിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിൽ നിർണായകമായ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടാണ് ഭേദഗതി ചെയ്യുന്നത്. ദില്ലിയിൽ ശനിാഴ്ച ചേർന്ന കേന്ദ്ര ക്യാബിനറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുന്നത്. പീഡകർക്ക് തൂക്കുകയർ ഉറപ്പുവരുത്തണം 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ളത് ശരിയായ നീക്കമാണ്. എന്നാൽ ബലാത്സംഗക്കേസുകളിലെ ഓരോ കുറ്റവാളിയും തൂക്കിലേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രായപൂർത്തിയാവരെ പീഡിപ്പിച്ചാല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും അവര്‍ ചോദ്യം ഉന്നയിക്കുന്നു.
ലൈംഗിക പീഡനത്തേക്കാൾ ക്രൂരമായ മറ്റൊരു കുറ്റകൃത്യവും വേദനയുമില്ല. അതുകൊണ്ട് ഓരോ പീഡകനും തൂക്കിലേറ്റപ്പെടണം. ആശാദേവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബാലപീഡനകർക്ക് തൂക്കുകയർ തന്നെ 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസിൽ ഞായറാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള 2012ലെ പോക്സോ നിയമമാണ് ഇതോടെ ഭേദഗതി ചെയ്യുക. എന്നാൽ 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കമെന്നും വിമർശനമുയരുന്നുണ്ട്. പോക്സോ നിയമത്തിലെ മാറ്റങ്ങൾ സ്ത്രീപീഡനക്കേസുകളിൽ കുറ്റവാളികൾക്കുള്ള കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം മുതൽ പത്ത് വർഷം വരെ തടവോ ജീവപര്യന്തം വരെ നീട്ടിക്കൊണ്ടുപോകാവുന്ന തടവോ ആക്കി മാറ്റും. കൂട്ടമാനഭംഗത്തിനിരയാവുന്ന കുട്ടി 16 വയസ്സിന് താഴെയുള്ളതാണെങ്കിൽ 20 വർഷം തടവ്, ജീവപര്യന്തം, അല്ലെങ്കിൽ വധശിക്ഷ എന്നിവയിൽ ഏതെങ്കിലും ശിക്ഷ നൽകണം.
12 വയസ്സിന് താഴെയുള്ള കുട്ടിയെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്നതെങ്കിൽ ജീവപര്യന്തമോ വധശിക്ഷയോ ആണ് ലഭിക്കുക. കുറ്റവാളികള്‍ക്ക് ജാമ്യമില്ല 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പീഡനക്കേസിലെ കുറ്റവാളികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് വിലക്കുണ്ട്. ഒരു തരത്തിലും ഇത്തരം കേസുകളിലെ കുറ്റവാളികൾക്ക് ഒരുവിധേനയും മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് ഓര്‍ഡിനൻസ് ചൂണ്ടിക്കാണിക്കുന്നത്. പീഡനക്കേസിൽ ഇരയെ പ്രതിനിധീകരിക്കുന്നയാൾക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാം. പീഡനക്കേസുകളിൽ പെട്ടെന്നുള്ള അന്വേഷണവും വിചാരണയും പീഡനക്കേസുകളിൾ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള ചട്ടങ്ങളും ഓർഡിനൻസില്‍ ഉൾപ്പെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പീഡനക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയിരിക്കണമെന്ന ചട്ടം നിർബന്ധമാക്കും. കേസിന്റെ വിചാരണ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കേസുമായി ബന്ധപ്പെട്ട കേസുകളിലെ അപ്പീലുകൾ ആറ് മാസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ഓർഡിനൻസിൽ പരാമർശിക്കുന്നു. പുതിയ നിർദേശങ്ങള്‍ സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശം, ഹൈക്കോടതികള്‍ എന്നിവയുമായി സഹകരിച്ച് പീഡനക്കേസുകൾ പരിഗണിച്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനും ഓർഡിനന്‍സിൽ പരാമർശമുണ്ട്. പീഡനക്കേസുകൾ പരിഗണിക്കുന്നതിന് പുതിയ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും നിര്‍ദേശമുണ്ട്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവയ്ക്ക് പ്രത്യേകം ഫോറന്‍സിക് കിറ്റുകൾ വിതരണം ചെയ്യും. പ്രത്യേക സമയപരിധിയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനും ചട്ടമുണ്ടായിരിക്കും. ലൈംഗിക കുറ്റവാളികളുടെ ദേശീയ തലത്തിലുള്ള റെക്കോർഡ് നാഷണൽ ക്രൈം റെക്കോർഡ്സ് സൂക്ഷിക്കും. ഈ വിവരങ്ങൾ കൃത്യമായി കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന സർക്കാരുകള്‍ക്കും കൈമാറും. കേസ് അന്വേഷണത്തിന് സഹായകമാകുന്ന വിധത്തിൽ വിവരങ്ങൾ നൽക്കാനാണ് ഇതിനെ ഉപയോഗിക്കുന്നത്.