വൈബറിലും സ്‌കൈപിനൊക്കെ വില്ലനായി ഗൂഗിളിന്റെ വീഡിയോ കോള്‍ ആപ്പ് എത്തി. ഡ്യൂവോ എന്ന ആപ്പ് ഇതിനോടകം തരംഗമായി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റപോമുകളില്‍ ഗൂഗിള്‍ ഡ്യുവോ പ്രവര്‍ത്തിക്കും.
സങ്കീര്‍ണതകളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പന. സ്മാര്‍ട് ഫോണുകള്‍ക്ക് മാത്രമായി ഇതാദ്യമായാണ് വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കുന്നത്. ഗൂഗിളിന്റെ നിലവിലുള്ള വീഡിയോ കോള്‍ സേവനമായ ഹാങ്ഔടിനെ ബാധിക്കാതെയാകും ഡ്യുവോയുടെ പ്രവര്‍ത്തനം.
മൊബൈല്‍ നമ്പര്‍ മാത്രമാണ് കോള്‍ ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആരംഭിക്കാന്‍ വേണ്ടത്. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള നമ്പറുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. ഇതിന് പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ഒറ്റ ടാപ്പില്‍ വീഡിയോ കോളിങ് തുടങ്ങാം. ഒറ്റയ്ക്കൊറ്റയ്ക്ക് നേരിട്ടുള്ള വീഡിയോ കോളിംഗ് ആണ് അനുവദനീയം. ഗ്രൂപ് വീഡിയോ ചാറ്റിംഗ് സംവിധാനം ഡ്യുവോയില്‍ ഇല്ല.
വളരെ വേഗം വീഡിയോ കോളിങ് ആരംഭിക്കാനാകും. വേഗംകുറഞ്ഞ നെറ്റ്വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ കോളിങ് നടത്താനും ഗൂഗിള്‍ ഡ്യുവോയ്ക്ക് കഴിയും. ബാന്‍ഡ്വിഡ്ത് കുറയുമ്പോള്‍ വീഡിയോയുടെ റെസല്യൂഷന്‍ കുറച്ച് കോളിന് തടസ്സമുണ്ടാകാതെ നോക്കും. വീഡിയോ കോളിങ് തുടരുന്ന സമയത്ത് വൈഫൈ പരിധിയില്‍ നിന്ന് ഡേറ്റാ നെറ്റ്വര്‍ക്കിലേക്ക് എത്തിയായും കോള്‍ തടസ്സപ്പെടില്ല.
നെറ്റ്വര്‍ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ച് ആപ്പ് പ്രവര്‍ത്തിക്കും. കോള്‍ എടുക്കും മുമ്പ് ഫോണിന്റെ സ്‌ക്രീനില്‍ മുഴുവനായി വീഡിയോ കാണാന്‍ സഹായിക്കുന്ന ‘നോക്ക് നോക്ക്’ ഫീച്ചറും ഡ്യുവോയിലുണ്ട്. മൊബൈല്‍ വീഡിയോ ചാറ്റിംഗിലെ സങ്കീര്‍ണതകളും പരിമിതികളും ഒഴിവാക്കി ലളിതമാക്കുക എന്നതാണ് ഗൂഗിള്‍ ഡ്യുവോയുടെ ലക്ഷ്യം. കോള്‍ കണക്ടിംഗ് സംബന്ധിച്ചതും സമാന സ്മാര്‍ട് ഫോണ്‍ ഉപയോഗം തുടങ്ങിയ ആശങ്ക അസ്ഥാനത്താവും.
കഴിഞ്ഞ മെയ് മാസത്തിലെ ഡെവലപ്പര്‍ സമ്മേളനത്തിലാണ് ഗൂഗിള്‍ രണ്ട് മെസേജിങ് ആപ്പുകള്‍പ്രഖ്യാപിച്ചത്. അതിലൊന്നാണ് ഗൂഗിള്‍ ഡ്യുവോ. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് മെസേജിങ് ആപ്പ് ‘അലോ’ ആണ് പ്രഖ്യാപിച്ച മറ്റൊരെണ്ണം. അതെന്ന് എത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.