പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു കൊതിതീരും മുന്‍പ് നഷ്ടപ്പെട്ടു; യുവതി തൂങ്ങി മരിച്ചു

suicide

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കുമിടയിലെ അവിഭാജ്യ ഘടകമാണല്ലോ. ഫോണില്ലാതെ ഊണില്ല, ഉറക്കില്ല. ഫോണ്‍ ഒന്നു കുറച്ച് നേരത്തേക്ക് ഓഫായാല്‍ പോലും എന്തോ വലുത് നഷ്ടപ്പെട്ട അവസ്ഥയാണ് പലര്‍ക്കും. എന്നാല്‍, ഫോണ്‍ പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്.

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി ഒന്നു ഉപയോഗിച്ചു കൂടിയില്ല. കൈയ്യില്‍ നിന്നും ഫോണ്‍ നഷ്ടമായി. ജഹാനുമ സ്വദേശിയായ സുല്‍ത്താന ബീഗം എന്ന യുവതിയാണ് ഫോണ്‍ പോയ വിഷമത്തില്‍ തൂങ്ങി മരിച്ചത്. ഷാലിബന്ദയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന സുല്‍ത്താന കഴിഞ്ഞ മാസമാണ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ നഷ്ടപ്പെട്ടതിന്‍ഫെ പേരില്‍ സുല്‍ത്താനയെ ഉമ്മ സൂബിയാന ബീഗം വഴക്കുപറഞ്ഞിരുന്നു. ഇതാണ് സുല്‍ത്താനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

സംഭവദിവസം വൈകിട്ട് കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കറണ്ടുപോയിരുന്നു. ഈ സമയം മാതാവിനൊപ്പം വീടിന് മുന്‍വശത്ത് വന്നിരുന്ന സുല്‍ത്താന അല്‍പ്പസമയത്തിനു ശേഷം മുറിയിലേയ്ക്ക് പോയി. പിന്നീട് കരണ്ടു വന്ന ശേഷം ആഹാരം കഴിക്കാനായി സുല്‍ത്താനയെ അന്വേഷിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മകള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സുല്‍ത്താനയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് ശേഷം യുവതിയും ഉമ്മയും ജഹാനുമയിലെ വീട്ടിലായിരുന്നു താമസം.

Top