തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റാന്‍ വ്യക്തമായ കാരണമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പോലീസ് മേധാവിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് സെന്‍കുമാറിനുമേലുള്ള വിശ്വാസം നഷ്ടപ്പെട്ടതായിട്ടാണ് സര്‍ക്കരിന്റെ വിശദീകരണം. ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഒരാളെ പോലീസിന്റെ തലപ്പത്ത് വെക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്.
ഡി.ജി.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മാറ്റുമ്പോള്‍ ഇതാദ്യമായാണു സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവു പുറത്തിറക്കുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ മാറ്റാനുള്ള അധികാരം സര്‍ക്കാരില്‍ നിഷിപ്തമാണെന്നു സ്ഥലംമാറ്റം സംബന്ധിച്ച ചട്ടത്തില്‍ വിശദമാക്കുന്നു. ഈ നിയമമാണു സര്‍ക്കാര്‍ പ്രയോഗിച്ചത്. എന്നാല്‍, തന്റെ സ്ഥലംമാറ്റക്കാര്യത്തില്‍ ചട്ടലംഘനം നടന്നുവെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം. സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ പരിഗണിച്ച കാരണങ്ങള്‍ ഇവയാണ്: ജിഷ വധക്കേസില്‍ പരക്കേ ആരോപിക്കപ്പെട്ട അനാസ്ഥ, കലാഭവന്‍ മണിയുടെ മരണം വേണ്ടരീതിയില്‍ അന്വേഷിക്കാതെ അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ചു, പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പോലീസിന്റെ അനാസ്ഥ പ്രകടമായെങ്കിലും അതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു. സെന്‍കുമാറിനെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ ഈ കാരണങ്ങള്‍ വിശദമാക്കിയിട്ടുണ്ടെന്നാണു സൂചന. എന്നാല്‍, കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യം ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല.
തന്നെ ഒഴിവാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു സെന്‍കുമാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് ആക്ട് അനുശാസിക്കുന്ന പ്രകാരംതന്നെയാണ് അദ്ദേഹത്തെ മാറ്റിയതെന്നു ഫയലില്‍ സൂചിപ്പിക്കുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ചേര്‍ന്നാണു ഡി.ജി.പിയുടെ അനാസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഫയലില്‍ രേഖപ്പെടുത്തിയത്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ജിഷ വധക്കേസില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ മൃതദേഹം കത്തിച്ചുകളഞ്ഞത് ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൊലപാതകക്കേസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം കത്തിച്ചുകളയാന്‍ പാടില്ലെന്ന നിയമം പാലിക്കപ്പെട്ടില്ല.
പുറ്റിങ്ങല്‍ മത്സരക്കമ്പത്തിനു ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ അതു വകവച്ചില്ല. നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം ഇതുവരെ തെളിയിക്കാന്‍ കഴിയാത്തതും പോലീസിന്റെ അനാസ്ഥയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.