
ന്യൂഡല്‍ഹി: കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍. ഗോവധ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചത് തങ്ങളാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി.
ദിഗ്‌വിജയ് സിങ് ഗോവധ നിരോധനത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ഉടന്‍ തന്നെ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു- ബല്യാണ്‍ പറഞ്ഞു.
അതിനിടെ, ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കാളയുടെ മാംസമെന്ന പേരില്‍ പശുവിന്‍റെ മാംസം കയറ്റി അയയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൃഷി മന്ത്രാലയം ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗം വിളിച്ചു. ബീഫ് നിരോധനം ബിഹാര്‍ രാഷ്ട്രീയത്തിലും തിളച്ചുമറിയുകയാണ്.
ബീഫ് നിരോധിക്കണമെന്ന ആവശ്യം ബിജെപി – സംഘപരിവാര്‍ നേതാക്കള്‍ കുറച്ചു നാളായി ഉന്നയിക്കുന്നതാണ്. ചില സംസ്ഥാനങ്ങളില്‍ നിരോധനം നിലവിലുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ ചോദിച്ചിരുന്നു.
ഗോമാംസം കഴിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് സഞ്ജീവ് ബല്യാണിന്റെ വെല്ലുവിളി. ഉത്തര്‍പ്രദേശിലെ കലാപ ബാധിത മണ്ഡലമായ മുസഫര്‍നഗറില്‍ നിന്നുള്ള എംപിയാണ് ബല്യാണ്‍.ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിയെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന അമ്പതുകാരന്‍ കൊല്ലപ്പെട്ടത് ഗുഢാലോചയല്ലെന്നും അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും ബല്യാണ്‍ പറഞ്ഞു. ഗോവധ നിരോധനം ബിജെപി അജണ്ട അല്ലെന്നും ഹിന്ദു മതത്തിന്റെ ആവശ്യമാണെന്നും ബിജെപി മന്ത്രി അവകാശപ്പെട്ടു.