കൊച്ചി:പൗരത്വ നിയമഭേദഗതി വിഷയത്തിൽ ഗവർണ്ണർ സർക്കാരും തമ്മിലുളള തർക്കം തുറന്ന ഏറ്റുമുട്ടലിലേക്ക്. മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിച്ചതിലൂടെ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് ഗവർണർ നൽകുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തെ ഗൌരവത്തോടെ സർക്കാരും കാണുന്നു.
പൗരത്വ ഭേദഗതിയും വാർഡ് വിഭജനവുമായും ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുണ്ടായ തർക്കങ്ങൾ പരസ്യമായ വാക്പോരിലേക്ക് നീങ്ങിയതോടെ ഭരണരംഗത്തുണ്ടായത് അസാധാരണമായ സാഹചര്യം. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പോരടിക്കുന്ന സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പുണ്ടായിട്ടില്ല. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി തന്നെ ഗവർണർ ഉന്നമിട്ടതും ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയും സർക്കാരും ഭരണഘടനാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്ന പരോക്ഷ വിമർശനവും ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഗവർണറുടെ പരാമർശത്തോടുളള മുഖ്യമന്ത്രിയുടെ പ്രതികരണം ഇനി നിർണ്ണായകമാവും. തുറന്ന ആക്രമണത്തിലേക്ക് മുഖ്യമന്ത്രിയും പോയാൽ അത് ഭരണപ്രതിസന്ധിയിലേക്കാകും നയിക്കുക. റൂൾസ് ഓഫ് ബിസിനസ് വെച്ചുളള ഗവർണറുടെ അവകാശവാദം ശരിയല്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സർക്കാരിനുളളത്.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടല്ല, ഭരണഘടനയുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നാണ് സർക്കാർ വാദം. അതേസമയം, നിയമസഭ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തർക്കം തുടരുന്നത് സർക്കാരിനാകും തലവേദന സൃഷ്ടിക്കുക. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടും നിർണ്ണായകമാണ്.