കർണാടകയിൽ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്; ഗവര്‍ണര്‍ക്കുമുന്നിലെ സാധ്യതകൾ

ബെംഗളൂരു: ജെ.ഡി.യുവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണറുടെ കയ്യിലാണ്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണോ അതോ സഖ്യ സര്‍ക്കാരിന് അനുമതി നല്‍കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ജി. പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാല നേരത്തെ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന വാജുഭായ് രാധുഭായ് വാല 2014 ലാണ് കര്‍ണ്ണാടക ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടത്. 2001ല്‍ മോദിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനായി രാജ്‌കോട്ടിലെ അസംബ്ലി സീറ്റ് ഒഴിഞ്ഞു നല്‍കിയ ആളാണ് അദ്ദേഹം. രാജ്‌കോട്ടില്‍ നിന്ന് അദ്ദേഹം മുമ്പ് ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ചിരുന്നു. 2002 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ വാജുഭായ് വാല രാജ്‌കോട്ടിലേക്ക് മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്ത് ധനമന്ത്രിയായിരുന്ന വാജുഭായ് വാല 18 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലും വാജുഭായ് വാല മന്ത്രിയായിരുന്നു. പിന്നീട് ഗുജറാത്ത് നിയമസഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു.സ്‌കൂള്‍ പഠനകാലത്തുതന്നെ ആര്‍.എസ്.എസ്സിന് വേണ്ടി പ്രവര്‍ത്തിച്ച വാജുഭായ് വാല പിന്നീട് ജന സംഘില്‍ ചേരുകയും 1995 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ കേശുഭായ് പട്ടേലിന്റെ അടുത്ത അനുയായിയായി മാറുകയുമായിരുന്നു. 1975 ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാല 80 കളിലും 90 കളിലും മേയറായി സേവനം അനുഷ്ടിച്ചു.

സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകളനുസരിച്ച് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് നാല് സാധ്യതകളാണുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പായി രൂപീകരിക്കപ്പെട്ടിട്ടുള്ള സഖ്യ കക്ഷികളെ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാവുന്നതാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ കക്ഷിയേയും അവര്‍ക്ക് പിന്താങ്ങുന്ന പാര്‍ട്ടികളേയും സ്വതന്ത്രരേയും ഗവര്‍ണര്‍ ക്ഷണിക്കുകയെന്നതാണ് രണ്ടാമത്തെ സാധ്യത. തെരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം രൂപീകരിക്കാനായി ഗവര്‍ണര്‍ക്ക് പാര്‍ട്ടികളുമായി ചര്‍ച്ചനടത്താം. അല്ലാത്ത പക്ഷം, ഗവര്‍ണര്‍ക്ക് ചില പാര്‍ട്ടികളെ സഖ്യം രൂപീകരിക്കാന്‍ ക്ഷണിക്കുകയും സ്വതന്ത്രരോടും മറ്റു പാര്‍ട്ടികളോടും പിന്തുണക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.

കഴിഞ്ഞ വര്‍ഷം ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കിയത് ബി.ജെ.പിക്കായിരുന്നു.അതേസമയം, മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവര്‍ണറോട് അവകാശമുന്നയിച്ചു എന്നും ജെ.ഡി.എസിന് മന്ത്രിസഭ രൂപീകരിക്കാന്‍ പൂര്‍ണമായ പിന്തുണ നല്‍കുമെന്നും മന്ത്രിസഭ രൂപീകരിക്കാനുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നും സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.

Top