
കൊച്ചി: ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലറിന്റെ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നംഗ സെർച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേരാണ് മുന്നോട്ട് വെച്ചത്. സെർച്ച് കമ്മിറ്റി നൽകിയ ഒറ്റപ്പേര് അംഗീകരിച്ചതായും ഗവർണർ കോടതിയെ അറിയിച്ചു. നവംബർ 12-നാണ് ഇതുസംബന്ധിച്ചുള്ള സ്‌റ്റേറ്റ്‌മെന്റ് ഗവർണർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്.
യുജിസി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി ഒന്നിൽ കൂടുൽ പേരുള്ള പാനലിനേയാണ് ഗവർണർക്ക് മുമ്പാകെ നൽകേണ്ടത്. ഏകകണ്ഠമായി ഒരാളെ തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് ഗവർണർ ഹൈക്കോടതിയെ അറിയച്ചിരിക്കുന്നത്.
ഒമ്പത് പേരെയാണ് ഫിഷറീസ് വിസി നിയമനത്തിലേക്ക് അഭിമുഖം നടത്തിയത്. ഇതിൽ നിന്ന് ഒരാളെയാണ് സെർച്ച് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും ഗവർണർ അറിയിച്ചു. ഒരു കേന്ദ്ര സർക്കാർ പ്രതിനിധിയും രണ്ട് സംസ്ഥാന സർക്കാർ പ്രതിനിധികളുമാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.
അതേ സമയം ഇപ്പോൾ വിവാദമായികൊണ്ടിരിക്കുന്ന കണ്ണൂർ വിസി നിയമനത്തിലും സമാനമായ നിലപാട് തന്നെയായിരുന്നു ഗവർണർ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹം നിയമനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദമായത്.