വിസി ഉത്തരവ് നടപ്പാക്കിയില്ല.15 സെനറ്റ് അംഗങ്ങളെ പുറത്താക്കി രാജ്ഭവൻ ഉത്തരവിറക്കി.പോര് കടുക്കുന്നു

തിരുവനന്തപുരം : കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.ഉത്തരവിറക്കാൻ സർവകലാശാല തയാറാകാത്തതിനാലാണ് രാജ്ഭവന്റെ നടപടി. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ.വി.പി. മഹാദേവൻ പിള്ള ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി.

പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഗവർണർ വിസിക്ക് അന്ത്യശാസനം നൽകിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ ഉത്തരവ് ഇറക്കണമെന്നതായിരുന്നു നിർദേശം. ഇത് വിസി അനുസരിക്കാതെ വന്നതോടെയാണ് അസാധാരണ നടപടിയുമായി രാജ്ഭവൻ രംഗത്തെത്തിയത്.

ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് ഗവർണർ. അതേസമയം പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ.

എന്നാൽ വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. മാത്രമല്ല, ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് വിസി നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ നടപടി.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്കെതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.

Top