അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒപ്പത്തിനൊപ്പം പിടിച്ച് ഞെട്ടിക്കുന്ന കാഴ്ചയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. പകുതി സീറ്റുകളിലെ നില വ്യക്തമാകുമ്പോഴാണ് ഈ ട്രന്‍ഡ്. ബിജെപി 60 സീറ്റിലും കോണ്‍ഗ്രസ്സ് 40 സീറ്റിലുമാണ് മുന്നേറുന്നത്.
182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി. ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.
ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14-നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്. 1995 മുതല്‍ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച ബി.ജെ.പി. ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 22 വര്‍ഷത്തിനുശേഷം കടുത്ത പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.
വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷം ആശങ്കയിലാണ്. സാങ്കേതികത്തകരാറുകള്‍മൂലം വീരാംഗാം, സാവലി, വഡ്ഗാം, ഡസ്‌കരോയി മണ്ഡലങ്ങളിലായി ആറു ബുത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഏഴ് മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ വിവിപാറ്റ് രശീതികള്‍ തിങ്കളാഴ്ച എണ്ണാനും ഉത്തരവിട്ടു. ഇവിടെ മോക്ക് വോട്ടെടുപ്പിലെ വിവരങ്ങള്‍ യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ മായ്ച്ചിരുന്നില്ല. മറ്റ് മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് രശീതികള്‍ മാത്രമാണ് എണ്ണുക. കൃത്രിമം സംബന്ധിച്ച പരാതികളൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.