ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ മലയാളികളുടെ ജ്വല്ലറിയില്‍ കവര്‍ച്ച ചെറുക്കുന്നതിനിടെ യുവതിക്ക് നേരെ മോഷ്ടാക്കള്‍ വെടിവെച്ചു. തെക്കന്‍ ഡല്‍ഹിയിലെ സരായ് ജുലൈനയില്‍ ജ്വല്ലറി നടത്തുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പ്രകാശിന്റെ ഭാര്യ പി.വി. ശ്രീജയുടെ (34) വലതു കാലിനാണു വെടിയേറ്റത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.രണ്ടു ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം നടത്തിയ ആക്രമണത്തില്‍ ജ്വല്ലറിയിലെ മലയാളി ജീവനക്കാരന്‍ സന്തോഷിനും പരുക്കേറ്റു.ശ്രീജയെ സമീപത്തെ ഓഖ്‌ല ഹോളി ഫാമിലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പുണ്ടാക്കിയ പരിഭ്രാന്തിക്കിടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
മലയാളികളുടെ സ്ഥാപനങ്ങള്‍ ഏറെയുള്ള ജുലൈനയില്‍ രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. രണ്ടുബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. ശ്രീജയും ജീവനക്കാരനായ പയ്യന്നൂര്‍ കാനായി സ്വദേശി സി.വി. സന്തോഷുമാണ് കടയിലുണ്ടായിരുന്നത്. കടയ്ക്കകത്തുകയറിയ മോഷ്ടാക്കള്‍ തോക്കു ചൂണ്ടി സ്വര്‍ണം മുഴുവന്‍ ബാഗിലേക്ക് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ബഹളം വെച്ച് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ശ്രീജയെ ഇവര്‍ മര്‍ദിച്ചു. ഇതുതടഞ്ഞ സന്തോഷിനെ തോക്കിന്റെ പാത്തികൊണ്ട് അടിക്കുകയായിരുന്നു.ഇതോടെ അക്രമികള്‍ സ്വര്‍ണം ബാഗിലും കീശകളിലും നിറച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ശ്രീജ ഇവരെ പുറത്തിറങ്ങി തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെയാണ് ശ്രീജയുടെ കാലിന് വെടിവെച്ചത്. ഉടന്‍ രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മറ്റേ ബൈക്ക് സ്റ്റാര്‍ട്ടാകാതായപ്പോള്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സന്തോഷിന്റെ മൂക്കിനും പരിക്കേറ്റിട്ടുണ്ട്.
മോഷ്ടാക്കള്‍ ഓടുന്നതിനിടെ കീശയില്‍ നിറച്ച ആഭരണങ്ങളില്‍ ചിലത് റോഡില്‍ വീണു. റോഡില്‍ വീണ ശ്രീജയെ അടുത്തുണ്ടായിരുന്നവര്‍ ആസ്പത്രിയിലെത്തിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഇവരെ ഉച്ചയോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.പോലീസ് എത്തി പരിശോധന നടത്തി. കേസ്സെടുത്തു. സ്ഥലവും സാഹചര്യങ്ങളും മനസിലാക്കി ആസൂത്രിതമായാണ് സംഘം കവര്‍ച്ച നടത്തിയത് എന്നു കരുതുന്നു.നാലുലക്ഷം രൂപ നല്‍കണമെന്നു ഭീഷണിപ്പെടുത്തി ഒരു മാസം മുന്‍പു ജ്വല്ലറിയിലേക്ക് അജ്ഞാതന്റെ ഫോണ്‍ എത്തിയിരുന്നതായി പ്രകാശ് പറഞ്ഞു. ഇതേത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കിയിരുന്നു.ജ്വല്ലറിയിലെത്തിയ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. സംഘം ഉപേക്ഷിച്ച ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഉത്തര്‍പ്രദേശ് റജിസ്ട്രേഷനുള്ള ബൈക്ക് മോഷ്ടിക്കപ്പെട്ടതാവാനും സാധ്യതയുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു.