പോലീസിന്റെ ലാത്തിക്കും കണ്ണീര്‍ വാതകത്തിനും തടയാനായില്ല: അരലക്ഷം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയര്‍ത്തി അയല്‍സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ശ്രമം പാഴാകുന്നു. പഞ്ചാബില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ട്രാക്ടറുകളിലെത്തിയ ആയിരക്കണക്കിനു പേരെ അംബാലയില്‍ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് ഹരിയാന പൊലീസ് നേരിട്ടത്. എന്നാല്‍ അതിനെയെല്ലാം വകഞ്ഞ് മാറ്റി കര്‍ഷകര്‍ മുന്നേറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. നൂറുകണക്കിനുപേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അതിനൊന്നും കര്‍ഷകരുടെ പ്രവാഹത്തെ തടയാനായില്ല. ഇതിനെത്തുടര്‍ന്ന് ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുത്ത ശൈത്യത്തേയും അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍ അരിയും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് ആയിരകണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങികൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍ പോലീസ് സന്നാഹമാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്‍കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് തടസ്സമല്ലെന്നും ഇന്ന് അരലക്ഷത്തിലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടക്കുമെന്നും കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കര്‍ഷകനേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയില്‍ പലയിടത്തും സ്ഥിതി സംഘര്‍ഷാത്മകമാണ്.

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ അംബാലയില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതുകൂസാതെ, ബാരിക്കേഡുകള്‍ തള്ളിമാറ്റി കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പോലീസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങി.

Top