ചണ്ഡിഗഢ്: ആൾ ദൈവത്തിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി ഉണ്ടാവില്ലേ … ?ഉത്തരേന്ത്യ കത്തുമ്പോൾ ഉയരുന്ന ചോദ്യമിതാണ്. ദേര സച്ചാ സൗദ മേധാവിയും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന വിധിച്ച ജഡ്ജി ആരാണ്?. ഇന്നലെ വിധി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ജഡ്ജി ആരാണെന്ന് തിരയുകയായിരുന്നു ഭൂരിഭാഗം പേരും. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. തിങ്കളാഴ്ച ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. 15 വര്‍ഷമായി തട്ടിക്കളിച്ചിരുന്ന കേസാണു ജഡ്ജി ജഗ്ദീപ് സിങ് വെള്ളിയാഴ്ച തീര്‍പ്പാക്കിയത്. ഇതോടെ ദേശീയശ്രദ്ധ മുഴുവന്‍ കോടതിവിധിയിലേക്കായി.
കഴിഞ്ഞ വര്‍ഷമാണു സിബിഐ സ്‌പെഷല്‍ ജഡ്ജ് ആയി ജഗ്ദീപ് സിങ്ങിന് നിയമനം കിട്ടിയത്. ജുഡിഷ്യല്‍ ഓഫിസറായുള്ള രണ്ടാമത്തെ പോസ്റ്റിങ് ആണിത്. 2012ലാണ് ഹരിയാന ജുഡിഷ്യല്‍ സര്‍വീസസില്‍ ജഗ്ദീപ് സിങ് ചേര്‍ന്നത്. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. ജുഡിഷ്യല്‍ സര്‍വീസില്‍ ചേരുംമുന്‍പ് അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനായിരുന്നു.
സമര്‍ഥനും കര്‍ക്കശക്കാരനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ നേര്‍വഴിക്കു പോകുന്നയാളുമാണ് ജഗ്ദീപ് സിങ് എന്നാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. ഇതിനാല്‍ നിയമ വൃത്തങ്ങള്‍ക്കിടയില്‍ ജഗ്ദീപ് സിങ്ങിന് വലിയ ബഹുമാനമാണ്.
ലളിത ജീവിതം നയിക്കാനാണ് ജഗ്ദീപ് സിങ്ങിന് ഇഷ്ടം. പ്രശസ്തിയില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കുറച്ചു മാത്രമെ സംസാരിക്കൂ. പക്ഷെ, അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം സിങ്ങിന്റെ സാമര്‍ഥ്യവും വ്യക്തിത്വവും സ്വഭാവദാര്‍ഢ്യവും മനഃപാഠമാണ്- സിങ്ങിനൊപ്പം ജോലി ചെയ്തിരുന്ന ഒരു അഭിഭാഷകന്‍ പറഞ്ഞു. ഹരിയാന സ്വദേശിയായ സിങ്, 2000-2012 കാലഘട്ടത്തില്‍ സിവില്‍, ക്രിമിനല്‍ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് രണ്ടായിരത്തിലാണ് അദ്ദേഹം നിയമബിരുദം സമ്പാദിച്ചത്. വിദ്യാര്‍ഥി ആയിരിക്കുമ്പോഴും കഠിനാധ്വാനിയും ധര്‍മിഷ്ഠനുമായിരുന്നു അദ്ദേഹമെന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
2016 സെപ്റ്റംബറിലും ജഗ്ദീപ് സിങ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഹിസാറില്‍നിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ കാരുണ്യമനസ്സ് വെളിവായത്. നാലുപേര്‍ അദ്ദേഹത്തിന്റെ കാറിനു മുന്നിലേക്കു ഓടിവന്നു. റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരായിരുന്നു അവര്‍. ഉടന്‍ ആശുപത്രിയിലേക്കു വിളിക്കാന്‍ മൊബൈല്‍ ഫോണെടുത്തപ്പോള്‍ പരുക്കേറ്റവര്‍ ചോദിച്ചു, ആംബുലന്‍സ് എപ്പോഴെത്താനാണ്? ജഡ്ജിയുടെ മനസ്സലിഞ്ഞു. അതുവഴി വന്ന മറ്റൊരു കാര്‍ തടഞ്ഞുനിര്‍ത്തി അതിലും തന്റെ വാഹനത്തിലുമായി പരുക്കേറ്റവരെ ഉടനെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. ഈ സംഭവം വളരെ ബഹുമാനത്തോടെയാണു നാട്ടുകാര്‍ ഓര്‍ക്കുന്നത്.
കോടതിവിധിക്കു പിന്നാലെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അനുയായികള്‍ ജഡ്ജിക്കു നേരെയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.


