
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇനി മറ്റൊരു വഴിയും മുന്നിലില്ലെന്ന് മനസിലാക്കിയ ഹരികുമാര്‍ ആത്മഹത്യയ്ക്ക് മുമ്പ് മരിച്ചുപോയ മകന്റെ കുഴിമാടത്തില്‍ പുഷ്പം അര്‍പ്പിച്ചു.
ഹരികുമാറിന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണില്‍ പതിഞ്ഞത് മകന്റെ കുഴിമാടത്തില്‍ വാടാതിരിക്കുന്ന ജമന്തി പൂവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരിച്ച മൂത്ത മകന്‍ ഹരിയുടെ കുഴിമാടത്തില്‍ വെച്ചിരിക്കുന്ന പൂവ് എല്ലാവരുടെയും കണ്ണ് നനയ്ക്കുകയാണ്. ഒന്‍പതു ദിവസമായി പൂട്ടികിടക്കുന്ന വീട്ടില്‍ ഹരികുമാറല്ലാതെ മറ്റാരും എത്തിയിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സയിലിരിക്കെയാണ് മൂത്ത മകന്‍ അഖില്‍ ഹരി മരിച്ചത്. ആ മരണം ഹരികുമാരിനെ തളര്‍ത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്.