വീട് ജപ്തി ചെയ്യാന്‍ ശ്രമം: അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു..!! വിദ്യാര്‍ത്ഥിയായ മകള്‍ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി(19) മരണപ്പെട്ടു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തുന്നതിനിടെയാണ് കാര്യങ്ങള്‍ ദുരന്തത്തിലേയ്ക്ക് നീങ്ങിയത്.

ഇന്ന് മൂന്ന് മണിയോടെ മാരായമുട്ടം മലയിക്കടയിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ സംഭവം ഉണ്ടായത്. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 90 ശതമാനത്തിലധികം പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് സ്വയം കത്തിക്കുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ ഇവര്‍ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയത്. ഇന്നലെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയതിന് ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരും.

അഞ്ച് ലക്ഷത്തോളം രൂപയാണ് വീടുവയ്ക്കുന്നതിനായി ഇവര്‍ വായ്പ എടുത്തത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പലിശ സഹിതം ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കിന്റെ വാദമാണ് വൈഷ്ണവിയെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കിയത്. വീട് വിറ്റെങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

Top