
വട്ടിയൂർക്കാവ്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലും രാവിലെ കനത്ത മഴയാണ് പെയ്യുന്നത്. നിലവിൽ സാമുദായിക വോട്ടുകൾ വിജയിയെ നിശ്ചയിക്കുമെന്ന് കരുതുന്ന മണ്ഡലത്തിൽ പോളിംഗ് സതമാനം ഉയരുന്നില്ലെങ്കിൽ മുന്നണികളുടെ ആശങ്ക വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോൾ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് വോട്ടർമാരുടെ വലിയ ഒഴുക്കില്ലെങ്കിലും പോളിംഗ് ശതമാനത്തെ അതൊന്നും ബാധിക്കില്ലെന്നാണ് മുന്നണികൾ പരസ്യമായി അഭിപ്രായപ്പെടുന്നതെങ്കിലും അവരുടെ ആശങ്ക മുഖത്ത് വിരിയുന്നുണ്ട്. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മഴ ഉച്ചയ്ക്ക് ശേഷവും കനക്കുകയാണെങ്കിൽ കുത്ത രാഷ്ട്രീയ പ്രവർത്തകരൊഴികെ ആരും വോട്ട് ചെയ്യുകയുണ്ടാവില്ല.
ഇത്തരത്തിൽ രാഷ്ട്രീയ വോട്ട് മാത്രമാണ് പോൾചെയ്യുന്നതെങ്കിൽ അത് ഇടതുപക്ഷത്തിന് അനുഗുണമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ കടുത്ത രാഷ്ട്രീയം പ്രകടിപ്പിക്കുന്നവരുടേയാകില്ലെന്നതിനാൽ അവ പോൾ ചെയ്യാതെ നഷ്ടപ്പെടാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു.
വട്ടിയൂർക്കാവിൽ യുഡിഎഫ് ജയം സുനിശ്ചിതമെന്നായിരുന്നു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എംഎൽഎ കെ മുരളീധരന്റെ പ്രതികരണം. മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ച് പറയുന്നു. പൊതുവേ പോളിംഗ് കുറവായ മണ്ഡലത്തിൽ താൻ ആദ്യം മത്സരത്തിനിറങ്ങിയപ്പോൾ പോളിംഗ് കുറവായിരുന്നുവെങ്കിലും അത് വോട്ടിനെ ബാധിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.