ചെന്നൈ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാടിന്റെ തീരജില്ലകളെ പൂര്‍ണമായി ദുരിതത്തിലാഴ്ത്തി. തലസ്ഥാന നഗരിയായ ചെന്നൈ ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇന്നലെ മാത്രം 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ജയലളിതയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഊര്‍ജ്ജിതമാക്കാനും സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ജയലളിത സ്വന്തം മണ്ഡലമായ ആര്‍.കെ നഗറിലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനം മഴക്കെടുതി നേരിടുമ്പോള്‍ മുഖ്യമന്ത്രിക്ക് കുലുക്കമില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിതയുടെ മണ്ഡല സന്ദര്‍ശനം. ആര്‍.കെ നഗര്‍ സന്ദര്‍ശനത്തിനിടെ ജയലളിതയെ അകമ്പടി സേവിച്ച വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ശാന്തരാവണമെന്ന ട്വിറ്റര്‍ സന്ദേശവുമായി ജയലളിത തന്നെ രംഗത്തെത്തി.
24 മണിക്കൂര്‍ കൂടി പിന്നിട്ടാല്‍ തമിഴ്‌നാട്ടില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പോണ്ടിച്ചേരി, തീര ആന്ധ്ര എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഒഴുക്കില്‍പെട്ടും മതിലിടിഞ്ഞ് വീണുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ പല പ്രദേശങ്ങളും കഴിഞ്ഞ 48 മണിക്കൂറായി ഇരുട്ടിലാണ്.
കുടിവെള്ള ക്ഷാമവും ഭക്ഷണ ദൗര്‍ലഭ്യതയും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉള്‍കൊള്ളാവുന്നതിന്റെ 70 ശതമാനം കടന്നതായി ജലവിഭവ വകുപ്പ് വ്യക്തമാക്കി. ചെമ്പരമ്പക്കം ഡാമിന്റെ ഏതാനും ഷട്ടറുകള്‍ തുറന്നിട്ടു. സെക്കന്റില്‍ 17000 ഘനയടി വെള്ളമാണ് ഡാമില്‍നിന്ന് അഡയാര്‍ നദിയിലേക്ക് ഒഴുക്കിവിടുന്നത്. ഇത് അഡയാറിന്റെ തീരദേശങ്ങളിലുള്ളവരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഡാം തുറന്നതോടെ നദിയില്‍ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് അഡയാറിന്റെ തീരത്തുള്ള ആനക്കപ്പത്തൂര്‍, ഗോള്‍ബസാര്‍, മണപ്പാക്കം, ജീരകമ്പക്കം എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി.
രാജകല്‍പക്കം തടാകം മൂന്നിടത്ത് തകര്‍ന്നതിനെതുടര്‍ന്ന് സമീപ പ്രദേശങ്ങളായ ഗോഗുല്‍നഗര്‍, സത്യസായ് നഗര്‍, ടെല്ലിസ് അവന്യൂ എന്നിവിടങ്ങളില്‍ വെള്ളംകയറി. ഇവിടെയുള്ള രണ്ടായിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെലയൂര്‍ തടാകം കരകവിഞ്ഞതിനെതുടര്‍ന്ന് വേലാച്ചേരി, ചിറ്റ്‌ലാപക്കം എന്നീ പ്രദേശങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്.രണ്ടു ദിവസമായി തുടരുന്ന മഴയില്‍ വിളനാശം വ്യാപകമായതും പച്ചക്കറി ലഭ്യത കുറഞ്ഞതും വില കുതിച്ചുയരാന്‍ ഇടയാക്കിയിട്ടുണ്ട്. തക്കാളിയുടെ വില കിലോക്ക് നൂറുരൂപ വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.