കൊച്ചി: മാധ്യപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ക്രൂര മര്‍ദ്ദനം. കൊച്ചി ഹൈക്കോടതിയില്‍വെച്ചാണ് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. വിനതാ മാധ്യമപ്രവര്‍ത്തകരോട് അസഭ്യം പറഞ്ഞ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഹൈക്കോടതിയിലെ മീഡിയ റൂമില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം. അസഭ്യവര്‍ഷത്തോടെയാണ് ഒരുകൂട്ടം അഭിഭാഷകര്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്. അക്രമത്തിന് ശേഷം അഭിഭാഷകര്‍ മീഡിയാ റൂം പൂട്ടി. സര്‍ക്കാര്‍ പ്ലീഡര്‍ വനിതയെ അപമാനിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് ആക്രമണം. സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍, ക്യാമറാ മാന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അറസ്റ്റിലായ സര്‍ക്കാര്‍ പ്ലീഡറെ അനുകൂലിച്ച് ഒരുസംഘം അഭിഭാഷകര്‍ എത്തിയാണ് അക്രമം തുടങ്ങിയത്. കോടതി പരിസരത്ത് തടിച്ചുകൂടിയ അഭിഭാഷകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. സംഭവത്തിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.