കൊച്ചി: മുഖ്യമന്ത്രി കസേരയിലേക്കുള്ള നീക്കത്തിനിടിയില്‍ ലാവ്‌ലിന്‍ കേസ് പിണറായി വിജയന് തിരിച്ചടിയാകുമോ? ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും കേസുകള്‍ വേഗം തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജികളുമാണ് ഇന്ന് കോടതിപരിഗണിക്കുന്നത്. പാല സ്വദേശി ജിവന്‍ എന്നയാള്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്നാണ് ജീവന്റെ ഹര്‍ജിയില്‍ പറയുന്നത്. ഇതടക്കം കേസിലെ എല്ലാ ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും.
കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതാണു ലാവലിന്‍ കേസ്. പിണറായി അടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ. കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതിനാല്‍ ഹൈക്കോടതി നിലപാട് നിര്‍ണായകമാകും. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.


