
കൊച്ചി:മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കനത്ത പ്രഹരം .കേസിൽ വിജിലന്‍സും എന്‍ഫോഴ്സ്മെന്‍റും നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിർദ്ദേശം നൽകി. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണം ആണ് ഇതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇബ്രാഹിം കുഞ്ഞിൻറെ നിയന്ത്രണത്തിലുള്ള ചന്ദ്രിക പത്രത്തിൻ്റെ രണ്ടു അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാദ്ധ്യമസ്ഥാപനത്തിൻ്റെ അക്കൌണ്ട് വഴി വന്നത് കള്ളപ്പണമല്ല എന്നതാണ് ഇബ്രാഹിംകുഞ്ഞ് നല്കുന്ന വിശദീകരണം. എന്നാൽ ഇബ്രാഹിംകുഞ്ഞിൻ്റെ സ്വത്തുവകകൾ ഉൾപ്പെടെ പരിശോധിച്ചാണ് കേസന്വേഷണം തുടരാമെന്ന് കോടതി നിർദ്ദേശം നൽകിയത്.
അന്വേഷണം തുടരാമെന്ന കോടതി ഉത്തരവിൽ സംതൃപ്തിയുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. ഇതിനിടെ പരാതിക്കാരനെ ഇബ്രാഹിം കുഞ്ഞ് പണംനൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.