പാലാരിവട്ടം പാലം അഴിമതി: നിയമവിരുദ്ധമായി മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ്‌ ഉത്തരവിട്ടെന്ന്‌ ടി ഒ സൂരജ്‌

കൊച്ചി:പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കി മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ.കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കരാറുകാരന് നല്‍കി. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് ആരോപിച്ചു.പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ ടി.ഒ സൂരജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു‍. കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

പാലം നിർമാണത്തിൽ അഴിമതിയുണ്ടായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരാണ്‌ ഉത്തരവാദികളെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം. പാലംപണി തടസ്സമില്ലാതെ നടത്താൻ മൊബിലൈസേഷൻ അഡ്വാൻസ്‌ ആവശ്യപ്പെട്ട്‌ കരാറുകാരനായ ആർഡിഎസ്‌ പ്രോജക്‌ട്‌സിന്റെ എംഡി സുമിത്‌ ഗോയൽ അപേക്ഷ നൽകിയതായി സൂരജ്‌ പറയുന്നു.പൊതുമരാമത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർക്കും അപേക്ഷ നൽകിയതായി കരാറുകാരൻ പറഞ്ഞു. അത്‌ മേൽനടപടിക്കായി പൊതുമരാമത്ത്‌ മന്ത്രിക്ക്‌ അയച്ചു. തുടർന്ന്‌ കരാറുകാരന്‌ പലിശയില്ലാതെ 8,25,59,768 രൂപ മൊബിലിറ്റി അഡ്വാൻസായി അനുവദിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ കരാറുകാരനിൽനിന്ന്‌ പലിശ ഈടാക്കണമെന്ന നിർദേശമില്ലായിരുന്നുവെന്നും സൂരജ്‌ വ്യക്തമാക്കുന്നു. താനാണ്‌ ഏഴു ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചത്‌. സേവിങ്സ്‌ നിക്ഷേപങ്ങൾക്ക്‌ ഈടാക്കുന്ന ബാങ്ക്‌ പലിശയേക്കാൾ രണ്ടു ശതമാനം കൂടുതലായിരുന്നു ഇത്‌. കരാറുകാരൻ സമർപ്പിച്ച ആദ്യ നാലു ബില്ലുകളിൽനിന്നായി ഏഴു ശതമാനം പലിശയോടെ മൊബിലിറ്റി അഡ്വാൻസ്‌ മുഴുവൻ തിരിച്ചുപിടിച്ചു.

കേരള റോഡ്‌ ഫണ്ട്‌ ഡെവലപ്‌മെന്റ്‌ ബോർഡ്‌ (കെഎഫ്‌ആർബി) സ്‌റ്റേറ്റ്‌ ബാങ്ക്‌ വഴി നൽകുന്ന പണത്തിന്‌ അഞ്ചു ശതമാനം മാത്രമാണ്‌ പലിശ. താൻ താൽപ്പര്യമെടുത്തതുകൊണ്ടാണ്‌ രണ്ടു ശതമാനം അധികം ഈടാക്കാനായതെന്നും സൂരജ്‌ പറയുന്നു. അതിനു മുമ്പോ ശേഷമോ കരാറുകാരന്‌ മുൻകൂർ പണം നൽകിയപ്പോൾ പൊതുമരാമത്ത്‌ വകുപ്പ്‌ ഇങ്ങനെ പലിശ വാങ്ങിയിട്ടില്ല. ഇടപ്പള്ളി ഫ്ലൈഓവർ നിർമാണത്തിന്‌ കരാറുകാരന്‌ പലിശയില്ലാതെയാണ്‌ 25 കോടി രൂപ അഡ്വാൻസ്‌ നൽകിയത്‌.

മൊബിലിറ്റി അഡ്വാൻസിന്‌ 11 മുതൽ 13 ശതമാനം വരെ ഉയർന്ന പലിശ ഈടാക്കണമായിരുന്നു എന്ന അക്കൗണ്ടന്റ്‌ ജനറലിന്റെ നിരീക്ഷണത്തെ സൂരജ്‌ ഹർജിയിൽ എതിർക്കുന്നു. കെആർഎഫ്‌ബി ഫണ്ട്‌ അത്ര ഉയർന്ന പലിശയ്‌ക്ക്‌ നൽകാനാവില്ല. നിർമാണങ്ങൾ വേഗത്തിൽ നടത്തുകയാണ്‌ അവരുടെ ലക്ഷ്യമെന്നും സൂരജ്‌ പറയുന്നു.

കേസിലെ നാലാം പ്രതിയാണ്‌ സൂരജ്‌. കരാറുകാരന്‌ മൊബിലിറ്റി അഡ്വാൻസ്‌ നൽകിയത്‌ അഴിമതിയിലെ പ്രധാന ഇടപാടായാണ്‌ വിജിലൻസ്‌ കണ്ടെത്തിയിട്ടുള്ളത്‌. മൊബിലിറ്റി അഡ്വാൻസ്‌ നൽകില്ലെന്ന്‌ ടെൻഡറിൽ പങ്കെടുക്കാൻ താൽപ്പര്യം കാണിച്ച മറ്റു കരാറുകാരോട്‌ സൂരജ്‌ പറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, കുറഞ്ഞ പലിശയ്‌ക്ക്‌ പണം അനുവദിച്ചു. കരാറുകാരനിൽനിന്ന്‌ പിന്നീട്‌ ഈ പണം മറ്റുള്ളവർ കൈപ്പറ്റിയെന്നാണ്‌ വിജിലൻസ്‌ കരുതുന്നത്‌.

Top