ന്യൂഡൽഹി: ഇന്ത്യയിൽ 100 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതോടെയാണ് പുതിയ നേട്ടം കൈവരിച്ചത്. ആഗസ്റ്റ് അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ് നൽകിയ സംസ്ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ് അറിയിച്ചു.
കോവിഡ് മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്പൂർ എയിംസിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പെടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പങ്കെടുക്കും. മുഖ്യമന്ത്രി ജയ് റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, സംസ്ഥാന ആരോഗ്യ മന്ത്രി രാജീവ് സായ്സൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.