ഹണിപ്രീതിനെ കണ്ടെത്താന്‍ അന്താരാഷ്ട്ര സംഘടനകളും

പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനെ കണ്ടെത്താന്‍ ഹരിയാന പോലീസ് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. ഹണിപ്രീതിനെ കുടുക്കാന്‍ പോലീസ് വലവിരിച്ച കാത്തിരിക്കുകയാണ്. ഹണിപ്രീത് സിര്‍സ വിട്ട് പോയിട്ടില്ലെന്ന ഗുര്‍മീത് റാം റഹീം സിങ്ങിന്റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലിനു ശേഷം ഹണിപ്രീത് ഇപ്പോഴും ഇന്ത്യയില്‍ തന്നെ ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് പോലീസ്. ജാമ്യാപേക്ഷയില്‍ ഒപ്പിടാന്‍ തിങ്കളാഴ്ച ഹണിപ്രീത് ദില്ലിയിലെത്തിയിരുന്നുവെന്ന് അഭിഭാഷകനും പറയുന്നു. സിസിടിവി ക്യാമറയില്‍ കുടുങ്ങിയ ബുര്‍ഖ ധരിച്ച സ്ത്രീ ഹണിപ്രീത് ആണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ജാമ്യാപേക്ഷയില്‍ ഒപ്പിടാനാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഹണിപ്രീത് സിങ്ങ് തിങ്കളാഴ്ച ദില്ലിയില്‍ എത്തിയതെന്നാണ് അഭിഭാഷകനായ പ്രദീപ് കുമാര്‍ ആര്യ പറഞ്ഞത്. ളിവിലുള്ള ഹണിപ്രീതിനു വേണ്ടി ഹരിയാണ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി തിരച്ചില്‍ തുടരുമ്പോളാണ് തിങ്കളാഴ്ച ഹണിപ്രീത് ദില്ലിയിലുണ്ടായിരുന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. 51, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഹണിപ്രീതിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Top