കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിർമാണ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. എന്‍ വി സീമയാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു എന്നു സംശയിച്ചാണ് ക്വട്ടേഷന്‍ നല്‍കിയത്.
കേരള ബാങ്ക് കണ്ണൂർ ശാഖ ജീവനക്കാരിയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. സീമ നൽകിയ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രിയാണ് അയല്‍വാസിയായ സുരേഷിനെ ഒരു സംഘം ആക്രമിക്കുന്നത്. ആക്രമണത്തില്‍ സുരേഷിന്റെ കാലിന് ഗുരുതരമായി വെട്ടേറ്റിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ ആക്രമണമെന്ന് വ്യക്തമായത്.അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കല്‍, ഗൂഢാലോചന, പണം നല്‍കി ക്വട്ടേഷന്‍ ഏല്‍പ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് സീമക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരൻ സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേൽപിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ ഏൽപിച്ചത് സ്ത്രീയാണെന്നു വെളിപ്പെട്ടത്. ഗ്രേഡ് എസ്ഐ ആയ ഭർത്താവിന്റെ സുഹൃത്തും അയൽവാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാൻ 3 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് ബാബുവിനെ വെട്ടി പരുക്കേൽപിച്ച ക്വട്ടേഷൻ സംഘത്തിലെ 5 പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സീമയുടെ പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിലുമുള്ള വിരോധത്തിലാണ് സുരേഷ് ബാബുവിനെ ആക്രമിക്കാൻ സീമ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. അതിയടത്തെ വീട്ടിൽ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രിൽ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേൽപിച്ചത്.ജിഷ്ണു, അഭിലാഷ് എന്നിവരെയാണ് സീമ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇവർ നീലേശ്വരം സ്വദേശികളായ പി.സുധീഷ്, കൃഷ്ണദാസ്, അഖിൽ, ബാബു എന്നിവർക്ക് ഈ ക്വട്ടേഷൻ മറിച്ചു നൽകി. പിടിയിലാകുമെന്നറിഞ്ഞതോടെ മുഖ്യ പ്രതിയായ സീമ തലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ സീമയെ റിമാൻഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേർ ഇതുവരെ റിമാൻഡിലായി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്.