സൗദി വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം..!! ഇന്ത്യാക്കാരി ഉള്‍പ്പെടെ 26പേര്‍ക്ക് പരിക്ക്

സൗദി വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരു ഇന്ത്യാക്കാരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ അനുകൂലികളായ ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു വിമതരുടെ ആക്രമണം. ആക്രമണത്തില്‍ വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ, യെമന്‍, സൗദി രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഭവത്തെതുടര്‍ന്നു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈല്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നു പരിശോധിച്ചു വരുകയാണെന്ന് ഔദ്യോഗിക വക്താവ് കേണല്‍ ടര്‍ക്കി അല്‍മല്‍ക്കി അറിയിച്ചു.

ക്രൂസ് മിസൈല്‍ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മേയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതര്‍ തൊടുത്ത മിസൈലുകള്‍ സൗദി തകര്‍ത്തിരുന്നു. മക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. ജിദ്ദയിലെ ചെങ്കടല്‍ തുറമുഖത്തും മിസൈല്‍ തകര്‍ത്തു.

Top