വയനാട്: ആദ്യം തലയ്ക്ക് പിടുത്തമിടാൻ വന്ന കടുവയിൽ നിന്നും ശശികുമാറിൻ്റെ ജീവൻ രക്ഷിച്ചത് ഹെൽമറ്റ് ആയിരുന്നു. ഇത്തവണ ഒപ്പം കൂടി നിന്ന നാട്ടുകാരുടെ ശബ്ദമാണ് കടുവയുടെ ശ്രദ്ധ തെറ്റിച്ചതും ശശികുമാറിൻ്റെ ജീവൻ രക്ഷിച്ചതും.
കടുവയുടെ പിടിയില്‍ നിന്ന് മൂന്നു മാസം മുമ്പ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറാണ് (54) കഴിഞ്ഞ ദിവസവും വീണ്ടും ആക്രമണത്തിനിരയായത്. ജനവാസമേഖലയിലെത്തിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് ഇന്നലെയും പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ കൊളവള്ളിയിലാണ് സംഭവം. ഇടതുനെഞ്ചിലും ചുമലിലും പുറത്തുമാണ് പരിക്ക് . മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി മുള്ളന്‍കൊല്ലി കൊളവള്ളിയിലിറങ്ങിയ കടുവ ജനങ്ങള്‍ക്ക് ഭീഷണിയായതോടെ വനത്തിലേക്ക് തിരിച്ചുവിടാനായി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ നടത്തി വരുകയായിരുന്നു.
തോട്ടത്തില്‍ കണ്ടെത്തിയ കടുവയെ തുരത്താന്‍ ശ്രമിക്കവേ ആക്രമിക്കുകയായിരുന്നു. ശശികുമാറിന്റെ നെഞ്ചിലും ചുമലിലും ആഞ്ഞടിച്ച് മാന്തി. ഒപ്പമുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കിയതോടെ ഓടി മറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പ് പുല്‍പ്പള്ളി ചാത്തമംഗലത്ത് വച്ചുണ്ടായ ആദ്യ ആക്രമണവും ഇതിനു സമാനമായിരുന്നു. ആ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല. അന്ന് ജീവന്‍ തിരിച്ചുകിട്ടാന്‍ നിമിത്തമായത് ഹെല്‍മറ്റാണ്. പരിസരവാസി നിര്‍ബന്ധിച്ച് ഹെല്‍മറ്റ് കൊടുക്കുകയായിരുന്നു. കടുവ ചാടി വീണത് തലയിലേക്കാണ്. ആഞ്ഞടിച്ച് തല തകര്‍ക്കാന്‍ ശ്രമിക്കവേ ഡ്രൈവര്‍ മാനുവല്‍ ഇരുമ്പുവടി കടുവയ്ക്ക് നേരെ വീശിയെറിഞ്ഞു. അതോടെ കടുവ മാനുവലിന് നേര്‍ക്കായി. മാനുവലിനെ കടിച്ച് കുടഞ്ഞ കടുവ ഷൂസ് കടിച്ചെടുത്ത് കാട്ടിലേക്ക് മറയുകയായിരുന്നു.


