
കൊച്ചി: കള്ളപ്പണക്കേസിൽ പരാതി പിൻവലിപ്പിക്കാൻ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് കോടതി നിരീക്ഷണം. ആരോപണത്തിൽ പ്രാഥമിക തെളിവുണ്ടെന്ന് വിലയിരുത്തിയ കോടതി, ഇബ്രാഹിംകുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമിച്ച മറ്റ് ലീഗ് നേതാക്കളുടെയും മൊഴി ഹാജരാക്കാൻ വിജിലൻസിന് നിർദേശം നൽകി.
ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടർക്കും നിർദേശം നൽകി. നടപടി രണ്ടാഴ്ചയ്‌ക്കകം അറിയിക്കണം. പരാതിക്കാരനായ ഗിരീഷ്‌കുമാറിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പൊലീസ് അറിയിച്ചു. കേസിൽ തുടർനടപടിക്ക് ആലുവ മജിസ്ട്രേട്ടിന്റെ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഗിരീഷ്‌കുമാറിനെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ കോടതി കളമശേരി പൊലീസിന് നിർദേശം നൽകിയിരുന്നു.