ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു..!! തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്ക്

ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യമാകെ വ്യാപിക്കുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടക്കുമ്പോഴാണ് സമരം രാജ്യവ്യാപകമാക്കുന്നത്.

ഐ.എം.എയാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ഐ.എം.എ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധുക്കളുടെ ആക്രമണമാണ് ഡോക്ടര്‍മാരുടെ സമരത്തിന് കാരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം മമതാ ബാനര്‍ജി സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കമായി കൂടി മാറിയിരിക്കുകയാണ്. ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ മമത തന്നെ മാപ്പ് പറയണമെന്നും ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ പോലും സമരത്തിന്റെ ഭാഗമായി ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ സമരക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മമതാ ബാനര്‍ജി. വ്യാഴാഴ്ച് രണ്ട് മണിക്ക് മുമ്പ് സമരം നിര്‍ത്തണമെന്നും സമരം തുടരുന്നവര്‍ സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നും മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍ മമതയുടെ അന്ത്യശാസനം തള്ളിയ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. അതിനിടെ ഡോക്ടര്‍മാരുടെ സമരത്തെ മമതാ ബാനര്‍ജി അഭിമാന പ്രശ്നമായി കാണരുതെന്നും സമരം തീര്‍ക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രി നിലപാട് മാറ്റിയാല്‍ തീരാവുന്ന പ്രശ്നമേ ബംഗാളിലുള്ളൂ. മുഖ്യമന്ത്രിയുടെ നിലപാട് മൂലം രാജ്യത്തെ രോഗികള്‍ മുഴുവന്‍ അനുഭവിക്കുകയാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ കുറ്റപ്പെടുത്തി.

Top