ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാനം വരെ പാകിസ്ഥാന്‍ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പാക് സ്വാതന്ത്ര്യദിനമായിരുന്ന ഇന്നലെ മുസാഫറാബാദിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന.
ഇന്ത്യ കശ്മീരിൽ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ഏവരുടേയും ശ്രദ്ധതിരിക്കാനാണ് ആക്രമണം നടത്താൻ ഇന്ത്യയുടെ ഈ പദ്ധതിയിടലെന്നും പാക്സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂർണ്ണമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇമ്രാന്‍റെ ആരോപണം.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് മുതിർന്നാൽ അവസാനം വരെ അതിനെതിരെ പോരാടും. പകരം വീട്ടുകയും ചെയ്യുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങൾ മുഴുവൻ അണിനിരക്കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. അല്ലാഹുവിന് മുൻപിലല്ലാതെ ആർക്കുമുൻപിലും മുസ്‌ലിങ്ങൾ തലകുനിക്കില്ല. ഏതെങ്കിലും വിധത്തിൽ പ്രകോപനം സൃഷ്ടിച്ചാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാന്‍ വെല്ലുവിളിച്ചു.
മുസ്‌ലിങ്ങളെ ഇന്ത്യയിൽ നിന്ന് ദൂരീകരിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. അഞ്ചു വർഷമായി കശ്മീരിൽ നടക്കുന്ന ക്രൂരതകളെല്ലാം ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രഖ്യാപനം മോദിയുടെ അവസാന തുറുപ്പുചീട്ടായിരുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു. ആർഎസ്എസ് ഭരണം ഇന്ത്യയുടെ ഭരണഘടന വരെ മാറ്റി മറിച്ചിരിക്കുന്നു. ബിജെപി ഇന്ത്യയെ നാശത്തിലേക്ക് നയിക്കുകയാണെന്നും ഇമ്രാൻ ഖാന്‍ ആരോപിച്ചു.
370 റദ്ദാക്കിയതോടെ ഇന്ത്യ കശ്മീരിനെ രാജ്യാന്തരവൽക്കരിച്ചിരിക്കുകയാണെന്നും കശ്മീരിന് നീതി ലഭിക്കാനായി ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ എല്ലാ രാജ്യാന്തര സംഘടനകളുടെയും പിന്തുണ തേടുമെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.