ഭരണ പക്ഷത്തെ നടുത്തളത്തിലെത്തിച്ചത് പ്രതിപക്ഷനേതാവിന്റെ പരമര്‍ശം; ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തെന്ന് മുഖ്യമന്ത്രി; സഭ കയ്യാങ്കളിയുടെ വക്കിലെത്തിയത് ഇങ്ങനെ

ഇന്ന് സഭയെ പ്രക്ഷുബ്ദമാക്കിയത് മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസമായിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പരാമര്‍ശത്തിലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ കെവി അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. ഇതില്‍ ഭരണപക്ഷം ക്ഷുഭിതരായി നടുത്തളത്തിലേക്ക് കുതിച്ചെത്തി. എ പ്രദീപ് കുമാര്‍, ടിവി രാജേഷ് തുടങ്ങിയ എംഎല്‍എമാര്‍ വെല്ലിലേക്ക് കുതിച്ചെത്തി. ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഭരണപക്ഷ എംഎല്‍എമാരെ നടുത്തളത്തിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി. നേരത്തെ തന്നെ നടുത്തളത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാരുമായി കയ്യാങ്കളിയോളമുള്ള മുഖാമുഖമായി അത് മാറി. ഇതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എയായ സിപിഐഎമ്മിലെ കെവി അബ്ദുള്‍ഖാദര്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വിശദീകരണം നല്‍കി. ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുള്‍ ഖാദറിന്റെ വിശദീകരണം. ഇത് ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരുവായൂരിലെ പൂജാകാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്താണ് കാര്യമെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്. ഈ സംവാദങ്ങളുടെ തുടര്‍ച്ചയിലാണ് ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വരുന്നത്. സഭ കലുഷിതമായതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ന്‍ രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിനെതിരെ നടത്തിയ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കിയതായി അറിയിച്ചു. വിവാദ പരാമര്‍ശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വാദം.

മുഖ്യമന്ത്രിയെ വിടി ബല്‍റാം എംഎല്‍എ എടാ എന്ന് വിളിച്ചെന്ന് സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍ ആരോപിച്ചു. നടുത്തളത്തിലെ പോര്‍വിളിക്കിടയിലാണ് ബല്‍റാമിന്റെ പരാമര്‍ശമെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ കുറ്റപ്പെടുത്തുന്നു. തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളില്‍ ഒരാള്‍ ആക്രോശം നടത്തിയെന്നും അതാരാണെന്ന് ആണ് അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രി കസേരക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോ? പരിധിയില്‍ ലംഘിക്കുന്ന നിലപാട് ഉണ്ടാകരുത്. വിരട്ടാനാണോ പ്രതിപക്ഷത്തിന്റെ ഭാവമെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top