കറാച്ചി: ഇന്ത്യയിൽ ജനിച്ച് ഇന്ത്യയുടെ കൊടിയ ശത്രുവായി. ഒടുവിൽ മരിക്കുന്നത് രാജ്യദ്രോഹിയും പിടികിട്ടാപ്പുള്ളിയുമായി. ഇന്ന് അന്തരിച്ച പാക് മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിനാണ് ഈ ദുര്യോഗമുണ്ടായത്. ബ്രിട്ടീഷ് ഭരണകാലത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന സയ്യിദ് മുഷറഫിന്റെ മകനായി 1943 ഓഗസ്റ്റ് 11ന് ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം.
പഴയ ഡൽഹിയിലെ ദരിയാഗഞ്ചിലായിരുന്നു മുഷാറഫിന്റെ കുടുംബ വീടായ നഹർവാലി ഹവേലി. ഇന്ത്യാ വിഭജനത്തെ തുടർന്ന് നാലാം വയസിൽ കറാച്ചിയിലേക്ക് കുടിയേറുന്നതുവരെ ഇവിടെയാണ് മുഷറഫ് കഴിഞ്ഞിരുന്നത്. അവസാനത്തെ മുഗൾ രാജാവ് ബഹദൂർഷാ സഫറിന്റെ കാലത്ത് മന്ത്രിമന്ദിരമായിരുന്നു ഈ കെട്ടിടം മുഷറഫിന്റെ അപ്പൂപ്പൻ വിലയ്ക്കുവാങ്ങുകയായിരുന്നു.കറാച്ചിയിലേക്ക് കുടിയേറിയ മുഷറഫ് പിന്നെ പഠിച്ചതും വളർന്നതുമൊക്കെ അവിടെയായിരുന്നു.റോയൽ കോളേജ് ഒഫ് ഡിഫൻസ് സ്റ്റഡീസ്, പാകിസ്ഥാൻ മിലിട്ടറി അമ്മാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തുടർന്ന് സൈനിക സർവീസിലെത്തി.
കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ പിന്നിലിരുന്ന് ചരടുവലിച്ചെങ്കിൽ ഇന്ത്യക്കെതിരായ രണ്ട് യുദ്ധങ്ങളിലും മുഷറഫ് നേടിട്ട് പങ്കെടുത്തു. 1965ലെ ഇന്ത്യ – പാക് യുദ്ധത്തിൽ സെക്കൻഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്, അന്ന് ഖേംകരൻ സെക്ടറിൽ സൈന്യത്തെ നയിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്ബനി കമാൻഡറായിരുന്നു. അന്ന് നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ നിരവധി ഉന്നത ബഹുമതികളും മുഷാറഫിന് ലഭിച്ചിരുന്നു. പാക് സൈനിക മേധാവിയാകാൻ കഴിഞ്ഞതും ഈ നേട്ടങ്ങളുടെ പിൻബലത്തിലായിരുന്നു.
ഇന്ത്യാവിരോധമായിരുന്നു എന്നും മുഷറഫ് മുറുകെ പിടിച്ചിരുന്നത്. 1999ലെ ലാഹോർ ബസ് യാത്രാ സമയത്ത് അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്ക് സല്യൂട്ട് നൽകില്ലെന്ന് പരസ്യമായി പറയാനും മുഷാറഫ് തയ്യാറായി. ഇന്ത്യയെ ആക്രമിച്ച് കീഴ്പ്പെടുത്താമെന്നും അങ്ങനെ ചെയ്താൽ ലോകം മുഴുവൻ പാകിസ്ഥാനൊപ്പം നിൽക്കുമെന്നും മുഷറഫ് കരുതിയിരുന്നു. ഇത് പരസ്യമായി പറയാനും മടിച്ചില്ല.
രണ്ട് യുദ്ധങ്ങളിൽ തോറ്റമ്ബിയ പാഠം മുന്നിലുള്ളതുകൊണ്ട് മുഷാറിന്റെ വാദഗതികളെ സൈന്യവും ഭരണകൂടവും കാര്യമായി എടുത്തില്ല. എന്നാൽ ആഗ്രഹം ഉപേക്ഷിക്കാൻ മുഷാറഫ് തയ്യാറായിരുന്നില്ല. അതാണ് കാർഗിൽ യുദ്ധമായത്. വിജയിക്കുമെന്ന് ഒരുറപ്പും ഇല്ലാതിരുന്നിട്ടും ഭരണാധികാരികളുടെ പിന്തുണ ഇല്ലാതിരുന്നിട്ടും തന്റെ മനസിലുണ്ടായിരുന്ന ആ ആഗ്രഹം മുഷാറഫ് നടപ്പാക്കുകയായിരുന്നു.
ഭരണാധികാരികളെക്കാൾ സൈന്യത്തിനായിരുന്നു എന്നും പാകിസ്ഥാനിൽ മുഖ്യസ്ഥാനം. ഇക്കാര്യം നന്നായി അറിയാവുന്ന മുഷാറഫ് ഭരണത്തിലേക്കുള്ള ചവിട്ടുപടിയായാണ് കാർഗിൽ യുദ്ധത്തെ കണ്ടതെന്ന് പിന്നീടുള്ള സംഭവങ്ങൾ ബാേദ്ധ്യപ്പെടുത്തി.
കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. എന്നാൽ അധികനാൾ അധികാരത്തിൽ തുടരാൻ ആയില്ല. 2008ൽ ഇംപീച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിയേണ്ടിവന്നു. ഒടുവിൽ രാജ്യദ്രോഹ കുറ്റമുൾപ്പടെ ചുമത്തപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പാകിസ്ഥാനിൽ കാലുകുത്താനാവാതെ മറ്റൊരു രാജ്യത്ത് കഴിയേണ്ടിവന്നു. അവിടെ തന്നെയായിരുന്നു മരണവും.