
ദില്ലി: രാജ്യത്തേക്കു നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പ്രധാന മേഖലകളില്‍ വിദേശ ഇടപെടലിനു വഴിയൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ, വ്യോമയാന, ബ്രോഡ്കാസ്റ്റിംഗ്, ഇ കോമേഴ്സ് മേഖലകളില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
നൂറു ശതമാനം വിദേശ നിക്ഷേപം വരുന്നതോടെ ഉദാരവല്‍കരണനയങ്ങളില്‍ രാജ്യം മുന്നോട്ടുപോവുന്ന കാഴ്ചയാണു കാണാന്‍ കഴിയുക. പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തിന് വഴിയൊരുക്കുന്നതോടെ രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയരുമെന്നാണ് വിലയിരുത്തല്‍. വ്യോമയാന മേഖലയിലെ സ്ഥിതിയും അതുതന്നെയാണ്. നിലവില്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ വിദേശ കമ്പനികള്‍ ഇല്ല. 100 ശതമാനം വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതോടെ ഇന്ത്യയിലെ വിമാന സര്‍വീസ് മേഖല വിദേശ കമ്പനികളുടെ പിടിയിലേക്കു മാറും.
ഡിടിഎച്ച്, കേബിള്‍ സേവനങ്ങളാണ് ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ വിദേശകമ്പനികള്‍ക്കു ഇടം ലഭിക്കുന്നതോട മാധ്യമ രംഗത്തും വിദേശ ഇടപടെലുകള്‍ ഉണ്ടാവുകയാണ്. ഫാര്‍മസി മേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയതും ജനങ്ങളെ ദോഷകരമായി ബാധിക്കും. വിദേശ കമ്പനികള്‍ ഫാര്‍മ മേഖലയില്‍ വരുന്നതോടെ ഇന്ത്യന്‍ കമ്പനികളുടെ നിലനില്‍പ് അപകടത്തിലാകുമെന്നാണു വിലയിരുത്തല്‍. മാത്രമല്ല, ഇന്ത്യയില്‍ മരുന്നു വില വന്‍തോതില്‍ വര്‍ധിക്കാനും ഇതു വഴിയൊരുക്കും.
രാജ്യത്തേക്കു നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണു തീരുമാനമെന്നാണു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നിരവധി മേഖലകളില്‍ വിദേശ നിക്ഷേപത്തിന് പൂര്‍ണാനുമതി നല്‍കിയിരുന്നു. മാസങ്ങള്‍ക്കു ശേഷം തന്ത്രപ്രധാന മേഖലകളില്‍ അടക്കം നൂറു ശതമാനം വിദേശനിക്ഷേപത്തിന് വഴിയൊരുങ്ങുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം വിദേശരാജ്യങ്ങള്‍ക്കു പൂര്‍ണമായി തുറന്നുകൊടുക്കപ്പെടുകയാണ്.