ജനീവ: കശ്മീര്‍ വിഷയത്തിൽ പാക്കിസ്ഥാൻ ഭീകരവാദം നിര്‍ത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ നിലപാട് അറിയിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 370–യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല– അദ്ദേഹം പറഞ്ഞു.370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് വ്യക്തമാക്കി ഇന്ത്യ. കശ്മീര്‍ പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ ചേർന്ന യുഎന്‍ രക്ഷാസമിതി യോഗം അവസാനിച്ചു. ചൈനയൊഴികെയുള്ള ഒരു രാജ്യവും രക്ഷാസമിതിയിൽ പാകിസ്ഥാനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരിക്കുന്നത്.
കശ്മീരിലെ സാഹചര്യത്തിൽ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാർഥ്യത്തിൽനിന്ന് ഏറെ വിദൂരമാണ്. ഭീകരത അവസാനിപ്പിക്കൂ, സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാൻ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാല്‍ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു– അദ്ദേഹം വ്യക്തമാക്കി.
നമ്മളെല്ലാവരും നേരിടുന്ന പ്രശ്നത്തിനു പരിഹാരം ഹിംസയല്ലെന്നും ഇന്ത്യൻ പ്രതിനിധി അഭിപ്രായപ്പെട്ടു. അതേസമയം വെള്ളിയാഴ്ചത്തെ യുഎൻ രക്ഷാസമിതിയുടെ യോഗത്തിൽ കശ്മീരിലെ ജനങ്ങളുടെ ശബ്ദം ഉയർന്നുകേട്ടതായി പാക്കിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി അവകാശപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. രക്ഷാസമിതിയിൽ ചൈന മാത്രമാണു നിലവിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്.
കൗൺസിൽ യോഗത്തിന് മുൻപ് പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രംപിനെ ഇമ്രാൻ ഖാൻ ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചര്‍ച്ച. കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം.