ദില്ലി: കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യ പാക് വ്യോമസേനാ താവളങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു. 1993 ജൂണ്‍ 13ന് ആക്രമണം നടത്താനായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പുലര്‍ച്ചെ ഇതിനായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, അവസാനനിമിഷം ഇന്ത്യ പിന്മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താന്റെ ഏറ്റവും പ്രധാന വ്യോമസേനാതാവളമായ റാവല്‍പിണ്ടിയിലെ ചാക് ലാലയിലടക്കം ആക്രമണം നടത്താനായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താനിലേക്ക് മടങ്ങിപോയി. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന് സജ്ജരാവാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചത്. ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് 16 യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്താന്‍ സജ്ജമായി നിന്നു. ആക്രമണലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും റൂട്ട്മാപ്പടക്കം തയ്യാറാക്കുകയും ചെയ്തു.
ആയുധങ്ങളും പാക് കറന്‍സികളുമടക്കം പൈലറ്റുമാരും വിമാനങ്ങളും തയ്യാറായിരുന്നു. നിയന്ത്രണരേഖയില്‍ ഉപയോഗപ്രദമാവുമെന്ന കണക്കുകൂട്ടലിലാണ് പാക് കറന്‍സികള്‍ കരുതിയത്. സൈനികര്‍ യുദ്ധസജ്ജരായെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദില്ലിയില്‍നിന്നു നിര്‍ദേശം ലഭിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ഓടെ പൈലറ്റുമാരെ വ്യോമസേന തിരിച്ചു വിളിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അന്ന് ആക്രമണം നടത്താതെ പിന്‍മാറിയതെന്ന് വ്യക്തമല്ല.