ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്;പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യുഡൽഹി :സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തെപ്പറ്റി നടത്താനിരുന്ന യോഗം മാറ്റിവച്ചു. വിശദമായ കർമപരിപാടി തയാറാക്കാൻ ധനമന്ത്രാലയം സമയം ആവശ്യപ്പെട്ടതുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം നീട്ടിവച്ചത്. ഏതാനും ദിവസം കഴിഞ്ഞേ ഇനി യോഗം നടക്കൂ. കുത്തനെ താഴോട്ടുപോയ വളർച്ചാനിരക്ക് ഉയർത്താൻ പറ്റിയ ഉത്തേജക പരിപാടി തയാറാക്കാനാണു മോദി ആവശ്യപ്പെട്ടിട്ടുള്ളത്. കറൻസി റദ്ദാക്കിയതും വേണ്ട ഒരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും സന്പദ്ഘടനയെ പിന്നോട്ടടിച്ചിരുന്നു. നികുതി വരുമാനവും ഗണ്യമായി കുറഞ്ഞു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ധനമന്ത്രാലയ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കേണ്ടിയിരുന്ന യോഗമാണു മാറ്റിയത്.

അതേസമയം ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ കടുത്ത നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചു ചേര്‍ത്ത യോഗത്തെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിനുള്ള മുന്നൊരുക്കമായാണ് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. മുന്‍ വര്‍ഷത്തെ പോലെ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. ചൊവാഴ്ച ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്ന് വരുമാനത്തിന്റെയും ചെലവുകളുടെയും കാര്യത്തില്‍ ഒരു ബ്ലൂപ്രിന്റ് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് തുടര്‍ച്ചയായി നാലു പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച താഴോട്ടായത്. സാമ്പത്തിക സ്ഥിതി തകിടം മറിച്ചത് നോട്ട് നിരോധനവും പെട്ടെന്ന് നടപ്പാക്കിയ ജിഎസ്ടിയുമാണെന്നാണ് വിലയിരുത്തല്‍. 2007-08 കാലയളവിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ ഇക്കണോമി പിടിച്ചുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഭ്യന്തര ഉത്പാദനം 5.7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.

സമ്പദ് വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന മേഖലകളിലും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വലിയ തിരിച്ചടിയുണ്ടായതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച, തൊട്ടു മുന്‍പത്തെ ക്വര്‍ട്ടറിലെ 5.3 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഖനന മേഖലയില്‍ 6.4ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് 0.7 ശതമാനത്തിലേക്കും താഴ്ന്നിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമാണ്. മുന്‍ ക്വര്‍ട്ടറില്‍ ഇത് 5.2 ശതമാനമായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകനം അടുത്ത മാസം നടക്കുമെങ്കിലും പുതിയ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല.

പണപ്പെരുപ്പം ഉയര്‍ന്ന അവസ്ഥയില്‍ തല്‍സ്ഥിതി തുടരുന്നതിനാണു കൂടുതല്‍ സാധ്യത. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികമല്ല, അത് യാഥാര്‍ഥ്യമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. മോശം സാമ്പത്തിക നടപടികളിലൂടെ ക്ഷണിച്ചു വരുത്തിയ ഈ പ്രതിസന്ധി രാഷ്ട്രീയമായി ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Top