ആ അവിസ്മരണീയ നിമിഷത്തിന് ദില്ലി സാക്ഷ്യം വഹിക്കും. 63ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച സമ്മാനിക്കും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കൈയ്യില്‍ നിന്നും ബിഗ് ബി അമിതാഭ് ബച്ചന്‍, ജയസൂര്യ, കങ്കണ റണാവത്ത് തുടങ്ങിയ താരങ്ങള്‍ ഏറ്റുവാങ്ങും. വൈകീട്ട് ദില്ലിയില്‍ വിഖ്യാന്‍ഭവനിലാണ് ചടങ്ങ് നടക്കുക.
സുസു സുധി വാത്മീകത്തിലെയും ലുക്കാ ചുപ്പിയിലെയും അഭിനയത്തിനാണ് ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായത്. മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം എം ജയചന്ദ്രനും, ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും, ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷി’ മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെലുങ്കുചിത്രമായ ബാഹുബലി മികച്ച സിനിമയായി തെരഞ്ഞെടുത്തപ്പോള്‍ ഹിന്ദി ചിത്രമായ പിക്കുവിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനും തനു വെഡ്സ് മനു റിട്ടേണ്‍സില്‍ ഇരട്ടവേഷത്തിലഭിനയിച്ച കങ്കണ റണാവത്ത് മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.