കൊല്‍ക്കത്ത: ഇന്ത്യന്‍ സാഹിത്യത്തിലെ ഝാന്‍സി റാണി മഹാശ്വേതാ ദേവി വിടപറഞ്ഞു. 90 വയസായിരുന്നു. ബംഗാളി സാഹിത്യകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. വാര്‍ധക്യസഹജമായ അസുഖമാണ് മരണകാരണം.
ഒരുമാസത്തിലേറെയായി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കരോഗവും രക്തത്തിലെ അണുബാധയുംമൂലം മഹാശ്വേതാദേവിയുടെ നില വഷളാകുകയായിരുന്നു. സാഹിത്യ- സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ക്ക് ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മഗ്സാസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1926ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ്. മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു.
അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കുകയും,ശേഷം കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടി.1956ല്‍ ഝാന്‍സി റാണിയാണ് ആദ്യ കൃതി. 1975ല്‍ എഴുതിയ ഹജാര്‍ ചുരാഷിര്‍ മാ എന്ന നോവല്‍ ‘1084 ന്റെ അമ്മ’ എന്ന പേരില്‍ കെ.അരവിന്ദാക്ഷന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആരണ്യേര്‍ അധികാര്‍ (1977) എന്ന നോവല്‍ ആരണ്യത്തിന്റെ അധികാരം എന്ന പേരില്‍ ലീലാ സര്‍ക്കാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ബ്യാധ്ഖണ്ടാ (1994 ) ‘മുകുന്ദന്റെ താളിയോലകള്‍’ എന്ന പേരില്‍ ലീലാ സര്‍ക്കാര്‍ തന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.