ഒരു പട്ടാളക്കാരന്‍ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല; നിറങ്ങള്‍ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടിയാണ്…പട്ടാളക്കാരന്റെ ജീവിതത്തെക്കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

മകന് പട്ടാളത്തിലൊരു ജോലി കിട്ടണമെന്നത് മിക്ക വീട്ടുകാരുടെയും ആഗ്രഹമാണ്. +2 കഴിഞ്ഞാലുടനെ ടെസ്റ്റ് പാസായി ജോലി കിട്ടിയാല്‍ ഭാവി സുരക്ഷിതമെന്നാണ് അവര്‍ കരുതുന്നത്. കൂട്ടുകൂടി വഴി തെറ്റില്ലെന്ന ആശ്വാസവും. കൂട്ടുകാരന്‍ പട്ടാളക്കാരനായാല്‍ മറ്റ് കൂട്ടുകാരും ഹാപ്പി..കുപ്പി തരാന്‍ ആളായല്ലോ…എന്നാല്‍ ഇതിനുമപ്പുറത്തേക്ക് പട്ടാളത്തിലേക്ക് ജോലിക്ക് പോകുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന പലതുമുണ്ട്. അയാള്‍ക്ക് നഷ്ടമാകുന്ന പലതുമുണ്ട്..ഇതിനെ തുറന്നു കാട്ടിയത് ഒരു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു..മുഹമ്മദ് പെരിയാണ്ടി എന്ന യുവാവാണ് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ പട്ടാളക്കാരുടെ ആരും കാണാത്ത മുഖത്തെക്കുറിച്ച് പോസ്റ്റ് ഇട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ള സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങുന്ന പ്രായത്തിലുള്ള ആണ്‍കുട്ടികളെ അനുസരണയുള്ള പട്ടാളക്കാര്‍ ആക്കുന്ന രീതി ഒട്ടും ദയയില്ലാത്ത ഒരു പ്രോസസ്സ് ആണ് എന്നു ഞാന്‍ അന്നാണ് അറിയുന്നത്… കരയുന്ന ആണ്‍കുട്ടികളെ കാണാന്‍ ട്രെയിനിങ് ക്യാമ്പുകള്‍ നോക്കിയാല്‍ മതി എന്നും..

നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഇത്ര ചെറുപ്പത്തിലേ സര്‍ക്കാര്‍ ജോലികിട്ടിയത് പറഞ്ഞു സന്തോഷിക്കുമ്പോള്‍ ഈ ടെസ്റ്റ് എഴുതാന്‍ തോന്നിയ സമയത്തെയും ജോലി കിട്ടിയ ഭാഗ്യത്തെയും മനസ്സില്‍ ചീത്ത പറയും കുഞ്ഞു പട്ടാളക്കാര്‍..

നാട്… വീട്ടുകാര്‍.. കൂട്ടുകാര്‍…എല്ലാ ഓര്‍മകളും അവരെ വിഷമിപ്പിക്കും..

ട്രെയിനിങ് കഴിഞ്ഞു വരുന്ന അവരെ കണ്ടാല്‍ പോലും മനസ്സിലാവില്ല…

തല മൊട്ടയടിച്ചിരിക്കും…
വല്ലാതെ കറുത്തു കരുവാളിച്ചിരിക്കും..
ആകെ മെലിഞ്ഞു കോലം കെട്ടു പോയിട്ടുണ്ടാവും ..

ജീവിതത്തില്‍ അന്നേ വരെ അങ്ങിനെ ഒരു രൂപത്തില്‍ അവരെ ആരും കണ്ടുകാണില്ല… അത്രയും പരിതാപകരമായ ഒരു രൂപം ആയിരിക്കും അത്…

എന്നാലും കൊച്ചു പട്ടാളക്കരന്റെ കയ്യില്‍ കാശ് ഉണ്ടായിരിക്കും… അമ്മാവന്‍മാര്‍ക്കും അച്ഛന്റെ കൂട്ടുകാര്‍ക്കും കൊടുക്കാന്‍ കുപ്പിയും കാണും..

പിന്നെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍കു ശേഷം
മറ്റുള്ള ആണ്‍കുട്ടികള്‍ ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തില്‍ നമ്മുടെ ഈ കൊച്ചു പട്ടാളക്കാരന്‍
മണികൂറുകളോളം പരാതിയില്ലാതെ ഭാരമേറിയ തോക്കുമേന്തി നില്‍ക്കാന്‍ പഠിച്ചിരിക്കും..

45 46 ഡിഗ്രി ചൂടിലും ഉച്ചക്ക് റണ്‍ വേ യില്‍ തല കറങ്ങി വീഴാതെ ജോലി ചെയ്യാന്‍ ശീലിച്ചിരിക്കും…

കൊടും തണുപ്പത്തു രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റു തന്റെ ഷിഫ്റ്റ് ചെയ്യും..

ആയിരത്തില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ട്രെയിനില്‍ സീറ്റ് ഇല്ലാതെ പരാതി ഇല്ലാതെ യാത്ര ചെയ്യും.

ഇവര്‍ എന്താ ഇങ്ങനെ… ഒരു പരാതിയും ഇല്ലാതെ. ഒരുപാട് തവണ മനസ്സില്‍ തോന്നിയതാണ്….

ദിവസത്തില്‍ പകുതിയില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനും അവധിയില്ലാതെ പത്തും പന്ത്രണ്ടും ദിവസങ്ങള്‍ അടുപ്പിച്ചു ജോലി ചെയ്യുന്നതിനും ജോലി സ്ഥലത്തു നിന്നും കിട്ടുന്ന അവഗണനക്കും ഒന്നും പരാതി ഇല്ല..

എന്നാല്‍ നാട്ടില്‍ അതെ സമയം അവന്‍ തന്റെ ചെറിയ വീടുമാറ്റി പുതിയത് വെച്ചിട്ടുണ്ടാകും .. അവന്റെ പെങ്ങളെ പെണ്ണുകാണാന്‍ ബാങ്ക് ജീവനക്കാരും സര്‍ക്കാര്‍ ജോലിക്കാരും വരും.. അച്ഛന്റെ ചെറിയ ജോലിയൊ വീട്ടിലെ ആസ്തി കുറവോ ഒന്നും പറയാതെ കല്യാണ ബ്രോക്കര്‍ ആങ്ങള പയ്യനെ പറ്റി വാചാലനാകും..

ആ പയ്യന്‍ പട്ടാളത്തില്‍ പോയതോടെ ആ കുടുംബം രക്ഷപെട്ടു എന്ന് നാട്ടുകാരും ബന്ധുക്കളും പറയും… അങ്ങിനെ പറയുമ്പോള്‍ ഇനി മുതല്‍ ദയവായി ഇത് കൂടി പറയണം.. ഇതിനൊക്കെ വേണ്ടി അവന്‍ കുറെ അനുഭവിച്ചിട്ടുണ്ട് എന്ന്.. ആത്മാഭിമാനം പൊതിഞ്ഞു ദൂരെ കളയേണ്ടി വന്നിട്ടുണ്ട് എന്നു… വീടുവെക്കാനും പെങ്ങളെ കെട്ടിക്കാനും കുറെ വെയിലും തണുപ്പും കൊണ്ടിട്ടുണ്ട് എന്ന്…കാരണം പോലും അറിയാത്ത കാര്യങ്ങള്‍ക്കു ചീത്തയും പണിഷ്‌മെന്റ് ഉം വാങ്ങിയിട്ടുണ്ട് എന്ന്….അതും കുഞ്ഞു പ്രായത്തില്‍..

ഒരു പട്ടാളക്കാരന്‍ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല… നിറങ്ങള്‍ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്…

Nb:ഇനിയും ഉണ്ട് കുറെ പറയാന്‍… എന്നാലും നിര്‍ത്തുന്നു… കാരണം പട്ടാളക്കാരന്റെ കഥകള്‍ കേള്‍ക്കുന്നവര്‍ക് എന്നും ബഡായിയും വീരവാദവും ആയെ തോന്നുകയുള്ളൂ …
Jai Hind

Top